തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെ നിയമസഭാ ചര്‍ച്ചക്കിടെ പരിഹസിച്ച് മന്ത്രി പി. രാജീവ്. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയും തള്ളിയ പശ്ചാത്തലത്തിലാണ് പി. രാജീവിന്റെ പരിഹാസം. കേരളത്തിന്റെ ചരിത്രത്തില്‍ കോടതികളില്‍ നിന്ന് ഇത്രയും തിരിച്ചടിയേറ്റ ഒരു നിയമസഭാ സാമാജികന്‍ വേറെ ഉണ്ടാകില്ലെന്നും പി. രാജീവ് പറഞ്ഞു.
‘അദ്ദേഹം താഴെ കോടതിയില്‍ പോയി തോറ്റു, ഹൈക്കോടതിയില്‍ പോയി അവിടെയും തോറ്റു. അപ്പോഴും അപ്പീല്‍ പോകാന്‍ വിധിയായെന്നും ജയിച്ചുവെന്നുമാണ് പറഞ്ഞ് നടക്കുന്നത്. സുപ്രീം കോടതിയില്‍ പോയപ്പോള്‍, കോടതി പറഞ്ഞത് 10 ലക്ഷം രൂപ ഫൈന്‍ അടക്കണമോ എന്നാണ്,’ പി. രാജീവ് സഭയില്‍ പറഞ്ഞു.
സ്വന്തമായി ഓഫീസുണ്ടെന്നും സ്വന്തമായി വാദിക്കുന്ന ആളാണെന്നും ഇനിയുള്ള ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ചാനല്‍ ചര്‍ച്ചകളില്‍ രേഖകളുണ്ടെന്ന് പറയുകയും കോടതി ചോദിക്കുമ്പോള്‍ കൈ രേഖ കാണിക്കുകയാണ് മാത്യു കുഴല്‍നാടനെന്നും പി. രാജീവ്
മാസപ്പടി കേസില്‍ എം.എല്‍.എ മാത്യു കുഴല്‍ നാടന്‍ കേരള ഹൈക്കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹരജി തള്ളുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. കോടതികളെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദികളാക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
ഇതുപോലുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ പോരാട്ടത്തിന് വേണ്ടി കോടതികളെ വേദിയാകുന്നത് അനുവദിക്കാനാവില്ലെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
സി.എം.ആര്‍.എല്‍ – എക്‌സ്ട്രാ ലോജിക് കരാറില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പറഞ്ഞ് മാത്യു കുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെയാണ് ആദ്യം സമീപിച്ചത്. മാസപ്പടിയില്‍ ഉദ്യോഗസ്തതലത്തില്‍ അഴിമതി നടന്നുവെന്നും മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കേസാണെന്നും ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു ഹരജിയില്‍ ഉന്നയിച്ചിരുന്നത്. അതുകൊണ്ട് തന്നെ വിജിലന്‍സ് ഇതില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍, മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, കോടതിയിലും തിരിച്ചടി നേരിട്ടതോടെയായിരുന്നു ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയില്‍ എത്തിയത്.
Content Highlight: Minister P. Rajeev mocks Mathew Kuzhalnadan MLA during assembly debate