| Saturday, 8th August 2026, 7:56 pm

വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ല, ഞങ്ങള്‍ ഇതുവരെ പൂര്‍ണമായി ചൊല്ലിയിട്ടില്ല: മന്ത്രി കുഞ്ഞാലിക്കുട്ടി

ആദർശ് എം.കെ.

മലപ്പുറം: വന്ദേമാതരം പൂര്‍ണമായി ചൊല്ലേണ്ടതില്ലെന്നും അതാണ് തങ്ങളുടെ നയമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെത്തുടര്‍ന്നുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ ഇതുവരെ വന്ദേമാതരം പൂര്‍ണമായി ചൊല്ലിയിട്ടില്ലെന്നും ആദ്യ ഭാഗം മാത്രമാണ് ആലപിക്കാറുള്ളതെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെയും യു.പി.എയുടെയും പരിപാടികളില്‍ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നത്, അതുതന്നെയാണ് തങ്ങളുടെയും നയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യപ്രതിജ്ഞാ വേളയില്‍ ചൊല്ലിയെങ്കിലും നിയമസഭയില്‍ പോലും വന്ദേമാതരം മുഴുവനായും ചൊല്ലിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. വിവാദമായ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിലെ നിര്‍ദേശം.

ഓഗസ്റ്റ് 9 മുതല്‍ 17 വരെയുള്ള വിവിധ പരിപാടികളില്‍ ഇത് ബാധകമാക്കാനായിരുന്നു നീക്കം.

വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എതിര്‍ക്കുമ്പോള്‍, കേരളത്തില്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

വിഷയത്തില്‍ മറ്റു മന്ത്രിമാരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വന്ദേമാതരം പൂര്‍ണമായി ചൊല്ലാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍, ലോക്ഭവന്‍ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറങ്ങിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനെ വിമര്‍ശിച്ചിട്ടുണ്ട്.

Content Highlight: Minister P.K. Kunhalikutty responds to the Vande Mataram controversy.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more