| Friday, 5th December 2025, 9:40 pm

പാവങ്ങളുടെ അരിവിഹിതം തടയാന്‍ കുതന്ത്രം; യു.ഡി.എഫ് എം.പിമാരുടെ മലയാളികളോടുള്ള വെല്ലുവിളി തുറന്നുകാട്ടി മന്ത്രി കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കേരളത്തിന് ഇനി മുതല്‍ അന്ത്യോദയ അന്ന യോജന (AAY) റേഷന്‍ കാര്‍ഡ് പ്രകാരമുള്ള അരി വിഹിതം ലഭിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ യു.ഡി.എഫ് എം.പിമാര്‍ക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

സ്വന്തം നാടിനെതിരെ കുതന്ത്രം പ്രയോഗിക്കാനാണ് എം.പിമാര്‍ ശ്രമിച്ചതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അതിദാരിദ്ര്യ വിമുക്ത പദ്ധതി നടപ്പിലാക്കിയതിനാല്‍ കേരളത്തിലെ AAY കാര്‍ഡുടമകള്‍ക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറയ്ക്കുമോ?പ്രഖ്യാപനത്തെ തുടര്‍ന്ന് AAY കാര്‍ഡുകള്‍ റദ്ദാക്കുമോ?

പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജന്‍സികള്‍ വഴി വായ്പ എടുക്കാനാവുമോ? തുടങ്ങിയ ചോദ്യങ്ങള്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ കഴിഞ്ഞദിവസം ഉന്നയിച്ച എന്‍.പി പ്രേമചന്ദ്രന്‍ എം.പി. എന്‍.കെ രാഘവന്‍ എം.പി എന്നിവര്‍ക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം.

കേരളത്തിനോട് അത്രമാത്രം വിരോധമാണ് ഇവിടെ നിന്ന് ജയിച്ചു പോയ എം.പിമാര്‍ ഇതിലൂടെ പ്രകടിപ്പിച്ചതെന്നും
കേരളത്തിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവരെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും അന്ത്യോദയ റേഷനും (AAY) തമ്മില്‍ ബന്ധമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയതോടെ എം.പിമാരുടെ കള്ളത്തരം പൊളിഞ്ഞു.

കേന്ദ്രം എന്തെങ്കിലും അവ്യക്തമായ ഒരു മറുപടി നല്‍കിയിരുന്നെങ്കില്‍ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിര്‍മാജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയെന്നൊരു പച്ചക്കള്ളവുമായി ഇവര്‍ ഇറങ്ങുമായിരുന്നു.

എന്ത് കള്ളത്തരം കാണിച്ചും, കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂവെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേരളം അതിദാരിദ്ര്യ മുക്തമായതിന്റെ അസഹിഷ്ണുത തീര്‍ക്കാന്‍ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണെന്നും ജനങ്ങള്‍ ഈ മാരീചന്മാരെ തിരിച്ചറിയണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുക. നാട്ടിലുള്ള പാവങ്ങളുടെ അരിവിഹിതം തടയാന്‍ ശ്രമിക്കുക.കേരളത്തിലെ രണ്ട് യു ഡി എഫ് എംപിമാര്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെയ്ത ഒരു കാര്യത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അവര്‍ ഉന്നയിച്ച ഒരു ചോദ്യം ചുവടെ ചേര്‍ക്കാം.

എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ അതി ദാരിദ്ര്യ വിമുക്ത പദ്ധതി നടപ്പിലാക്കിയതിനാല്‍ കേരളത്തിലെ AAY കാര്‍ഡുടമകള്‍ക്കുള്ള ധാന്യ വിഹിതം വെട്ടിക്കുറയ്ക്കുമോ?

പ്രഖ്യാപനത്തെ തുടര്‍ന്ന് AAY കാര്‍ഡുകള്‍ റദ്ദാക്കുമോ? പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജന്‍സികള്‍ വഴി വായ്പ എടുക്കാനാവുമോ?

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും അന്ത്യോദയ റേഷനും (AAY) തമ്മില്‍ ബന്ധമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയതോടെ എംപി മാരുടെ കള്ളി പൊളിഞ്ഞു വീണു.

നിങ്ങള്‍ നോക്കൂ, കേരളത്തോട് എത്ര കണ്ട് വിരോധം ആണ് ഇവിടെ നിന്ന് ജയിച്ചു പോയ എം.പിമാര്‍ക്ക്
കേരളത്തിനു നല്‍കുന്ന ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് വെട്ടിക്കുറച്ചു കൂടെ എന്ന് പരോക്ഷമായി കേന്ദ്രത്തെ ഉപദേശിക്കുകയായിരുന്നു ഇവര്‍.

കേന്ദ്രം എന്തെങ്കിലും അവ്യക്തമായ ഒരു മറുപടി നല്‍കിയിരുന്നെങ്കില്‍ അതും പൊക്കിപ്പിടിച്ച് അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി മൂലം പാവങ്ങളുടെ അരി പോയിരിക്കുന്നു എന്നൊരു പച്ചക്കള്ളവുമായി ഇവര്‍ ഇറങ്ങുമായിരുന്നു.

എന്ത് കള്ളത്തരം കാണിച്ചും, കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെല്ലാം തടഞ്ഞ് അത് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കുക എന്ന ലക്ഷ്യമേ അവര്‍ക്കുള്ളൂ.

ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് മൂത്ത് ഇപ്പോള്‍ കേരളത്തോടുള്ള വിരോധമായി മാറിയിരിക്കുന്നു. ലോകം മുഴുവന്‍ അംഗീകരിച്ച അതിദാരിദ്ര്യ വിമുക്ത പദ്ധതിയുടെ വിജയത്തില്‍ ഇവര്‍ക്കുള്ള അസഹിഷ്ണുത തീര്‍ക്കാന്‍ കാണിച്ച ഈ കുതന്ത്രം മലയാളികളോടുള്ള ഒന്നാന്തരം വെല്ലുവിളിയാണ്. ജനങ്ങള്‍ ഈ മാരീചന്മാരെ തിരിച്ചറിയണം.

നേരത്തെ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും എം.പിമാരുടെ പാര്‍ലമെന്റിലെ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിനെതിരെ പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിയിരുന്ന ഒരു കള്ളപ്രചാരണം കൂടി പൊളിഞ്ഞെന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.

കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ച് റേഷന്‍ മുടങ്ങുമെന്ന നുണ പൊളിക്കാന്‍ സഹായിച്ച രണ്ട് എം.പിമാര്‍ക്കും നന്ദിയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

Content Highlight: Minister KN Balagopal exposes UDF MPs’ challenge to Malayalis, says they are plotting to stop rice distribution to the poor

Latest Stories

We use cookies to give you the best possible experience. Learn more