| Friday, 3rd October 2025, 9:54 pm

മിഷന്‍ 2031: കൊട്ടാരക്കരയെ സ്വയംപര്യാപ്ത വികസന കേന്ദ്രമാക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടാരക്കര: കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട നഗരമായ കൊട്ടാരക്കരയെ ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി ഒരു സ്വയംപര്യാപ്ത വികസന കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍.

കേരളത്തിലെ രണ്ടാം നിര നഗരങ്ങളുടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരമാക്കി കൊട്ടാരക്കരയെയും പരിസര പ്രദേശങ്ങളെയും മാറ്റുമെന്നും മന്ത്രി കൊട്ടാരക്കരയുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന വിഷന്‍ 2031 വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. പരിപാടിയില്‍ വെച്ച് കൊട്ടാരക്കരയുടെ വികസന രേഖയുടെ പ്രകാശനവും നിര്‍വ്വഹിച്ചു.

കൊട്ടാരക്കരയ്ക്ക് മികച്ച റോഡ് ശൃംഖലയും റെയില്‍വേ കണക്ടിവിറ്റിയുമുണ്ട്. അഭ്യസ്തവിദ്യരായ മനുഷ്യവിഭവ ശേഷിയും ധാരാളമുണ്ട്. ഈ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. വ്യവസായ വികസനത്തിന് പറ്റിയ കേന്ദ്രമായി കൊട്ടാരക്കര മാറിയിട്ടുണ്ട്.

മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു. ആരോഗ്യമേഖലയില്‍ മികച്ച സേവന കേന്ദ്രങ്ങള്‍ ഉറപ്പാക്കാനായി. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഉതകുന്ന ഇടപെടലുകള്‍ മണ്ഡലത്തിലുണ്ടായെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

കൊട്ടാരക്കയ്ക്ക് വെല്ലിവിളിയായിരുന്ന പുലമണ്‍ ജങ്ഷനിലെ ഗതാഗത തടസത്തിനുള്ള പരിഹാരമായി 300 കോടി രൂപ ചെലവില്‍ ബൈപാസ് നിര്‍മാണം ഏറ്റെടുത്തിട്ടുണ്ട്. മികച്ച നഷ്ടപരിഹാരം ഉറപ്പാക്കി ആവശ്യമായ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കും. വൈകാതെ തന്നെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.

മണ്ഡലത്തിലെ റോഡുകളുടെയെല്ലാം വികസനം മികച്ച രീതിയില്‍ തന്നെ നടപ്പാക്കാനായിട്ടുണ്ടെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരന്റെ വീഴ്ച മൂലം മുടങ്ങിപ്പോയ കൊട്ടാരക്കര ശാസ്താംകോട്ട റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

കൊട്ടാരക്കരയെ ഒരു എഡ്യൂക്കേഷന്‍ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. അഞ്ച് ഡിഗ്രി കോഴ്‌സുകള്‍ ഉള്‍പ്പെടുന്ന ഐ.എച്ച്.ആര്‍.ഡി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എം.ജി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സീപാസ് മുന്‍കൈയ്യില്‍ നഴ്‌സിങ് കോളേജും ആരംഭിച്ചു. ഈ കോളേജിന് കൊട്ടാരക്കര കില ക്യാമ്പസില്‍ മൂന്ന് കോടി രൂപ ചെലവിട്ട് കെട്ടിട നിര്‍മാണത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

ഐ.എച്ച്.ആര്‍.ഡി കോളേജിന് പുതിയ കെട്ടിട നിര്‍മാണത്തിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി. ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയവും പ്ലാനറ്റോറിയവും, ആധുനിക സ്റ്റേഡിയം തുടങ്ങിയവക്കും അംഗീകാരം നല്‍കി. കില ക്യാമ്പസില്‍ ഇതിനാവശ്യമായ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.

മണ്ഡലത്തിലെ ഏതാണ്ട് എല്ലാ സ്‌കൂളുകളുടെയും പുതിയ കെട്ടിട നിര്‍മാണം ഏറ്റെടുത്തു. 5.7 കോടി രൂപ അടങ്കലില്‍ കൊട്ടാരക്കര വിദ്യാഭ്യാസ സമുച്ചയ നിര്‍മാണം പൂര്‍ത്തിയാകുകയാണ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ഒരു ഭാഗം പൂര്‍ത്തിയായി. കരാറുകാരന്‍ ഉപേക്ഷിച്ചുപോയതോടെ മുടങ്ങിയ മറുഭാഗത്തിന്റെ നിര്‍മാണം ഉടനെ പുനരാരംഭിക്കും. കൊട്ടാരക്കര ആയുര്‍വേദ ആശൂപത്രിയ്ക്ക് 11 കോടി രൂപ അടങ്കലില്‍ പുതിയ കെട്ടിടം നിര്‍മിക്കുകയാണ്.

കോടതി സമുച്ചയ നിര്‍മാണത്തിനും ഭരണാനുമതി നല്‍കി. പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം പൂര്‍ത്തീകരിച്ചു. ചെട്ടിയാരഴികത്ത് പാലം, അറക്കടവ് പാലം ഉള്‍പ്പെടെ ഒന്‍പതില്‍പ്പരം പാലങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുത്തു. കൊട്ടാരക്കര നെടുവത്തൂര്‍ കുടിവെള്ള പദ്ധതിയുടെ മെയിന്‍ പമ്പിംഗ് ലൈനും ട്രീറ്റ്‌മെന്റ് പ്ലാന്റും ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് നടക്കും.

കൊട്ടാരക്കര മണ്ഡലത്തിലെ പൊതു മാര്‍ക്കറ്റുകള്‍ ആധുനികവത്കരിക്കും. ഇതിന്റെ പണികള്‍ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ പുത്തൂര്‍, നെടുമണ്‍കാവ് മാര്‍ക്കറ്റുകള്‍ നവീകരിച്ച് ജനങ്ങള്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ട്. കൊട്ടാരക്കര മാര്‍ക്കറ്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. എഴുകോണ്‍, വെളിയം, കലയപുരം മാര്‍ക്കറ്റുകളുടെ നവീകരണത്തിന് ടെണ്ടര്‍ സ്വീകരിക്കും. മൈലം പഞ്ചായത്തിലെ മാര്‍ക്കറ്റ് നവീകരണത്തിന് 3 കോടി രൂപയാണ് അനുവദിച്ചത്.

കൊട്ടാരക്കരയിലെ വിദ്യാസമ്പന്നര്‍ക്ക് തൊഴിലവസരം ഉറപ്പാക്കാനായി നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു. ആഗോള ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ കൊട്ടാരക്കരയില്‍ ഐ.ടി ക്യാമ്പസ് തുടങ്ങി. സോഹോയുടെ തന്നെ സഹകരണത്തോടെ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിങ് കോളേജ് ക്യാമ്പസില്‍ റൊബോട്ടിക്‌സില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ഐ.ടി പാര്‍ക്ക് ഒരു ലക്ഷം ചതുരശ്ര അടി കെട്ടിടത്തില്‍ കെ.ഐ.പി ക്യാമ്പസില്‍ സ്ഥാപിക്കും.

സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം കൊട്ടാരക്കര ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ച ക്യാമ്പസില്‍ ഈ മാസം പ്രവര്‍ത്തനമ തുടങ്ങും. കുളക്കടയില്‍ അസാപിന്റെ ക്യാമ്പസ് വിപുലീകരണ സാധ്യതകള്‍ തേടുകയാണ്. മണ്ഡലത്തില്‍ രണ്ട് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിനുള്ള ചര്ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു പാര്‍ക്കിനായി സ്ഥലം കണ്ടെത്തുന്ന പ്രവര്‍ത്തനത്തിലേക്ക് കടന്നു.

കൊട്ടാരക്കര തമ്പുരാന്‍ കഥകളി പഠന ഗവേഷണ കേന്ദ്രവും ആര്‍.ബാലകൃഷ്ണപിള്ള സ്മാരകവും മുനിസിപ്പല്‍ സ്‌ക്വയറും ഉള്‍പ്പെടെ സാംസ്‌കാരിക മേഖലയിലും പുതിയ നേട്ടങ്ങളുണ്ടാക്കി. കലാകാരന്മാരായ കൊട്ടാരക്കര ശ്രീധരന്‍നായരുടെയും ഭരത് ഗോപിയുടെയും പേരില്‍ തീയറ്റര്‍ സമുച്ചയം നിര്‍മിക്കും.

കൊട്ടാരക്കര ജയില്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ഉടനെ ആരംഭിക്കും. ഇതോടെ ഈ സ്ഥലവും കൂടി പൊതുവികസനത്തിന് ഉപയോഗിക്കാനാകും. നഗരത്തിന്റെ ഗതാഗത കുരുക്കിനും ഇതിലൂടെ പരിഹാരം കാണാനാകുമെന്നും മന്ത്രി വിശദീകരിച്ചു.

മണ്ഡലത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനായും പ്രത്യേക വികസനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. വിശ്വാസികള്‍ക്കായി കൊട്ടാരക്കര ക്ഷേത്രത്തില്‍ പില്‍ഗ്രിം സെന്റര്‍ നിര്‍മിക്കും. കൊട്ടാരക്കര റസ്റ്റ് ഹൗസും നവീകരണത്തിലാണ്.

മണ്ഡലത്തിന്റെയും പരിസര മേഖലയുടെയും സമഗ്ര വികസനം ഉറപ്പാക്കുന്ന വിഴിഞ്ഞം- പാരിപ്പള്ളി -പുനലൂര്‍ വളര്‍ച്ചാ മുനമ്പിനും ഇതിനോടകം അംഗീകാരം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം നാടിന്റെ വികസനത്തിന് പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്. ഇതിനായി സ്ഥലമേറ്റെടുക്കലിന് മാത്രം 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

വ്യവസായ വികസനം മെച്ചപ്പെടുത്താനായി മികച്ച യാത്രാ സൗകര്യങ്ങള്‍ ഒരുക്കാനും ആരോഗ്യരംഗത്ത് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഇനിയും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നം മന്ത്രി അറിയിച്ചു. മുട്ടറ-മരുതിമല, മീന്‍പിടിപ്പാറ, പൊങ്ങന്‍പാറ, മാറാംപാറ, ആയിരവല്ലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ടൂറിസം വികസനം സാധ്യമാക്കും.

പ്രവാസികളെയും സംരംഭകരെയും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു നിക്ഷേപ കേന്ദ്രമായി കൊട്ടാരക്കര മേഖലയെ മാറ്റുവാന്‍ വിഷന്‍ 2031-ലൂടെ ലക്ഷ്യമിടുന്നെന്ന് ധനമന്ത്രി പറഞ്ഞു. വിഷന്‍ 2031-ന്റെ ചര്‍ച്ചയില്‍ വിവിധ മേഖലയിലെ വിദഗ്ദ്ധരും ജനപ്രതിനിധികളും പങ്കെടുത്തു.

Content Highlight:  Mission 2031: Minister KN Balagopal says Kottarakkara will be made a self-sufficient development center

We use cookies to give you the best possible experience. Learn more