തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഉപയോഗിക്കുന്ന നാല് കോടി രൂപ വിലമതിക്കുന്ന ആഡംബര കാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ ആവശ്യപ്പെട്ടു.
സർക്കാർ ലീസ് എടുക്കാത്തതും ഔദ്യോഗികമല്ലാത്തതുമായ സ്വകാര്യ വാഹനത്തിന് എസ്‌കോർട്ട് നൽകുന്നതും ബോർഡ് വെച്ച് യാത്ര ചെയ്യുന്നതും തികച്ചും നിയമവിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തിന്റെ കാറാണെന്നാണ് മന്ത്രി ഇതിന് നൽകുന്ന വിശദീകരണം. എന്നാൽ ഒന്നുകിൽ വാഹനം സർക്കാരിന്റേതായിരിക്കണം, അല്ലെങ്കിൽ സർക്കാർ ഔദ്യോഗികമായി ലീസ് എടുത്തതായിരിക്കണം. സർക്കാർ ലീസ് എടുക്കാത്ത ഒരു പ്രൈവറ്റ് വാഹനത്തിന് എങ്ങനെയാണ് പൊലീസ് എസ്‌കോർട്ട് അനുവദിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വിജിൻ ആവശ്യപ്പെട്ടു.
ഇത്തരം സ്വകാര്യ വാഹനങ്ങൾക്ക് ഔദ്യോഗിക ലോഗ് ബുക്ക് ഉണ്ടാകില്ല. വാഹനം എവിടെയൊക്കെ യാത്ര ചെയ്തു, എത്ര കിലോമീറ്റർ ഓടി, ആരെയൊക്കെ കയറ്റി എന്നതൊന്നും നിരീക്ഷിക്കാൻ സംവിധാനമില്ല. ഇതിന്റെ മറവിൽ എന്തൊക്കെ ഇടപാടുകളും ഗൂഢാലോചനകളുമാണ് നടക്കുന്നതെന്ന് ശക്തമായ സംശയമുണ്ട്. മന്ത്രിയുടെ യാത്രകളെത്തന്നെ സംശയത്തിന്റെ നിഴലിലാക്കുന്ന വലിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിടണം. വിവാദ വാഹനം ഒഴിവാക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് ഡി.വൈ.എഫ്.ഐ കടക്കുമെന്നും എം. വിജിൻ മുന്നറിയിപ്പ് നൽകി.
Content Highlight:Minister K.M. Shaji’s Luxury Car Journey Illegal; M. Vijin Calls for a Comprehensive Probe.