| Sunday, 5th July 2026, 12:24 pm

പേരുമാറ്റം കൊണ്ടുമാത്രം മാറ്റമുണ്ടാകില്ല; ഉന്നതിയല്ല ഊര് തന്നെ മതിയെന്ന് ആവശ്യം: മന്ത്രി കെ.എ. തുളസി

ആദർശ് എം.കെ.

തൃശൂര്‍: പട്ടികജാതി-വര്‍ഗ സങ്കേതങ്ങളുടെ പേരുമാറ്റുന്ന കാര്യത്തില്‍ തിടുക്കത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പട്ടികജാതി-വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വെറും പേരുമാറ്റം കൊണ്ടുമാത്രം സമൂഹത്തില്‍ യാതൊരുവിധ കാര്യമായ മാറ്റങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

പട്ടികജാതി-വര്‍ഗ സങ്കേതങ്ങള്‍ക്ക് ‘ഉന്നതി’ ഉള്‍പ്പെടെയുള്ള പുതിയ പേരുകള്‍ നല്‍കുന്നതിനെതിരെ അതത് സമൂഹങ്ങളില്‍ നിന്ന് തന്നെ വ്യാപക പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആദിവാസികളടക്കമുള്ള വിഭാഗങ്ങള്‍ തങ്ങളുടെ സങ്കേതങ്ങള്‍ക്ക് ‘ഊര്’ എന്ന പരമ്പരാഗത പേര് തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ഈ ആവശ്യം പരിഗണിക്കുന്നതിനാല്‍ ഇത്തരം പേരുമാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരുവിധ തിരക്കിട്ട ശ്രമങ്ങളും നടത്തില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലം അച്ചന്‍കോവിലില്‍ ഭാരക്കുറവുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരമോ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയോ ലഭിക്കാത്ത സംഭവത്തില്‍ എസ്.സി. പ്രൊമോട്ടര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി അറിയിച്ചു.

വീടുകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതലയുള്ള പ്രൊമോട്ടര്‍ ഒരു തവണ പോലും ആ വീട് സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.

‘ഫീല്‍ഡ് വര്‍ക്ക് ചെയ്യേണ്ടവര്‍ തങ്ങളുടെ കൃത്യമായ ജോലി നിര്‍വഹിക്കാത്തത് തികച്ചും ഗൗരവകരമാണ്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും,’ മന്ത്രി വ്യക്തമാക്കി.

വകുപ്പിന് കീഴിലുള്ള മറ്റ് ഉദ്യോഗസ്ഥ വീഴ്ചകളെക്കുറിച്ചും കൃത്യമായ പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയൊരു സാമ്പത്തിക സഹായ പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദാക്ഷായണി വേലായുധന്റെ പേരില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പട്ടികവിഭാഗ സ്വയംസഹായ സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.

പദ്ധതിയുടെ ആദ്യഘട്ടം പാലക്കാട് ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന്റെ വിജയത്തിന് ശേഷം പദ്ധതി സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു.

Content Highlight: Minister K.A. Thulasi stated that the government will not take hasty steps regarding the renaming of Scheduled Caste and Scheduled Tribe settlements.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more