| Friday, 18th July 2025, 2:58 pm

വാക്ക് മാറിപ്പോയി; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ചിഞ്ചുറാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മൃഗക്ഷേമ വകുപ്പ്മന്ത്രി ജെ. ചിഞ്ചുറാണി. മരണപ്പെട്ട മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടതിന് ശേഷമാണ് മന്ത്രി ഖേദപ്രകടനം നടത്തിയത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

തനിക്ക് വീഴ്ച പറ്റിയതാണെന്ന്  മന്ത്രി സമ്മതിക്കുകയായിരുന്നു. വിവാദ പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് താന്‍ ലഹരിക്കെതിരായ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നും സൂംബ നൃത്തം ചെയ്തത് അപകടത്തിന് മുമ്പേയായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

നേരത്തെ മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സി.പി.ഐ വിശദീകരണം തേടിയിരുന്നു. പരാമര്‍ശത്തില്‍ മന്ത്രി വ്യക്തത വരുത്തണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടത്. സംഭവത്തില്‍ സി.പി.ഐ അധ്യക്ഷന്‍ ബിനോയ് വിശ്വം ജെ. ചിഞ്ചുറാണിയോട് വിശദീകരണവും തേടിയിരുന്നു.

‘അധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൂട്ടുകാര്‍ പോകരുതെന്ന് പറഞ്ഞിട്ടും കളിക്കുന്നതിനിടെ കുട്ടി ഷെഡിലേക്ക് വലിഞ്ഞു കയറുകയായിരുന്നു. വീഴാന്‍ പോയപ്പോള്‍ പിടിച്ചത് കറണ്ട് കമ്പിയിലും. അതില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്,’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇന്നലെ (വ്യാഴം) തൃപ്പൂണിത്തുറയില്‍ നടന്ന മഹിളാ സംഗമത്തില്‍ വെച്ചാണ് മന്ത്രി ചിഞ്ചുറാണി വിവാദ പരാമര്‍ശം നടത്തിയത്.

കൊല്ലം ജില്ലയില്‍ നിന്നുള്ള എം.എല്‍.എയും മന്ത്രിയും ആയിരുന്നിട്ടുകൂടി ചിഞ്ചുറാണിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം മോശമായിപ്പോയെന്നായിരുന്നു പ്രധാന വിമര്‍ശനം.

ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചിഞ്ചുറാണി അധ്യാപകരെ അനുകൂലിക്കും വിധം പരാമര്‍ശം നടത്തിയത്.

മന്ത്രിയുടെ പ്രതികരണം അവമതിപ്പുണ്ടാക്കിയെന്ന് സി.പി.ഐക്കുള്ളില്‍ വിലയിരുത്തലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ (13) ആണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്.

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിലേക്കാണ് കുട്ടി കയറാന്‍ ശ്രമിച്ചത്. ഈ ഷെഡിന്റെ സമീപത്തുകൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്.

ചെരുപ്പെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം ഷെഡിന് മുകളിലേക്ക് കയറിയ കുട്ടിക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight: Change of words; Minister Chinchurani expresses regret over controversial remark

We use cookies to give you the best possible experience. Learn more