| Friday, 11th July 2025, 3:54 pm

നമ്മളില്ലേ...രജിസ്ട്രാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് കത്തയച്ച് മിനി കാപ്പന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മിനി കാപ്പന്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കത്തയച്ചതായി റിപ്പോര്‍ട്ട്. വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നും പദവി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നുമാണ് വി.സിക്ക് അയച്ച കത്തില്‍ മിനി കാപ്പന്‍ എഴുതിയിരിക്കുന്നത്.

ഏഴാം തീയതിയാണ് ഡോ. മിനി കാപ്പനെ വൈസ് ചാന്‍സലര്‍ രജിസ്ട്രാറായി നിയമിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവും അദ്ദേഹം പുറത്തിറക്കിയിരുന്നു. കെ.എസ് അനില്‍ കുമാറിന് പകരമായാണ് മിനി കാപ്പനെ വി.സി രജിസ്ട്രാറായി നിയമിച്ചത്. ഇന്നലെയാണ് അവര്‍ ചുമതലയേറ്റത്.

പ്രതിഷേധങ്ങള്‍ കാരണം മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച ഉത്തരവ് പുറത്തിറക്കാന്‍ സര്‍വകലാശാലക്ക് സാധിച്ചിരുന്നില്ല. അക്കാദമിക് വിഭാഗം ജോയന്റ് രജിസ്ട്രാറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു മിനി കാപ്പന്‍. സിന്‍ഡിക്കേറ്റിന്റെ പൂര്‍ണ പിന്തുണയുള്ള കെ.എസ് അനില്‍കുമാര്‍ ചുമതലയില്‍ ഉള്ളപ്പോഴാണ് പുതിയ രജിസ്ട്രാറെ വി.സി നിയമിച്ചത്.

അതേസമയം രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാര്‍ ഒപ്പിട്ട ഫയലുകള്‍ വി.സി തിരിച്ചയച്ചിരുന്നു. പകരം മിനി കാപ്പന്‍ ഒപ്പിട്ട ഫയലാണ് അദ്ദേഹം സ്വീകരിച്ചത്. മോഹനന്‍ കുന്നുമ്മല്‍ അയച്ച മൂന്ന് ഫയലുകളാണ് തിരിച്ചയച്ചത്. മിനി കാപ്പന്‍ അയച്ച 25 ഫയലുകള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

കെ.എസ്. അനില്‍ കുമാര്‍ ഒപ്പുവെക്കുന്ന ഫയലുകള്‍ മാറ്റി വെക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തര ഫയലുകള്‍ തനിക്ക് നേരിട്ട് അയക്കണമെന്നും വി.സി നിര്‍ദേശിച്ചിരുന്നു.

സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് കെ.എസ്. അനില്‍കുമാര്‍ വീണ്ടും രജിസ്ട്രാര്‍ പദവിയിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയും രജിസ്ട്രാര്‍ പിന്‍വലിച്ചിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടതോടെ ഹരജിക്ക് പ്രസക്തിയില്ലെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Content Highlight: Mini Kappan writes to Vice Chancellor demanding removal from registrar post

We use cookies to give you the best possible experience. Learn more