| Thursday, 1st October 2026, 10:27 pm

ഷാഹി മസ്ജിദിന്റെ മിനാരം പൊളിക്കുന്നതിനിടെ തകര്‍ന്ന് വീണു; താഴികക്കുടത്തിനും ഒന്നാം നിലയുടെ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍

റെന്വര്‍ പി

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള ചരിത്രപ്രസിദ്ധമായ ഷാഹി മസ്ജിദിന്റെ മിനാരങ്ങള്‍ പൊളിക്കുന്നതിനിടെ പള്ളിയുടെ താഴികക്കുടത്തിനും ഒന്നാം നിലയുടെ ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. മിനാരം പൊളിക്കുന്നതിനുള്ള യന്ത്രങ്ങളിലെ തകരാറാണ് കേടുപാടുകള്‍ വരാന്‍ കാരണമെന്ന് ഭരണകൂടം അവകാശപ്പെട്ടു.

പൊളിക്കല്‍ ജോലിക്കിടയില്‍ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് മിനാരത്തിന്റെ ഒരു ഭാഗം പള്ളിയുടെ മേല്‍ക്കൂരയിലേക്ക് വീഴുകയും, കെട്ടിടത്തിനുള്ളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പൊളിക്കല്‍ നടപടികള്‍ വിശ്വാസികള്‍ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. വലിയ ശബ്ദത്തോടെ കെട്ടിടം തകരുന്നതായി ഇവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആ തകര്‍ച്ച കണ്ടവര്‍ നിരാശയോടെ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

മഹാ കുംഭമേളയോട് അനുബന്ധിച്ചുള്ള റോഡ് വികസനത്തിന്റെ ഭാഗമായി ഭാഗികമായി പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കാന്‍ ഉത്തരവുണ്ടായിരുന്നു. ഇത് പ്രകാരമാണ് പള്ളികളില്‍ പൊളിക്കല്‍ നടപടി ആരംഭിച്ചത്.

2028-ലെ സിംഹസ്ഥ കുംഭമേളയില്‍ തീര്‍ത്ഥാടകരുടെ സഞ്ചാരത്തിനായി 900 മീറ്റര്‍ പാത വീതികൂട്ടാനാണ് പള്ളിയുടെ ഒരു ഭാഗം പൊളിക്കാനുള്ള നടപടി. 600 വര്‍ഷത്തിലധികം പഴക്കമുള്ള പള്ളി പൊളിക്കുന്നതിനെതിരെ വിശ്വാസികളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു.

കേടുപാടുകള്‍ വന്നത് അബദ്ധവശാലാണെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കളക്ടര്‍ റോഷന്‍ കുമാര്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.

‘ഉജ്ജയിനില്‍ റോഡ് വീതികൂട്ടുന്ന ജോലികള്‍ക്കിടെ പള്ളിയുടെ ഒരു ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു,’ എന്ന് കളക്ടര്‍ പറഞ്ഞു.

‘ഭരണകൂടം സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്. എല്ലാ മത-സമുദായങ്ങളുടെയും പ്രതിനിധികളും പ്രദേശവാസികളും സ്ഥലത്തുണ്ട്, ഞങ്ങള്‍ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തില്‍ അഭ്യൂഹങ്ങളുയരുന്നുണ്ടെന്നും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പൊളിച്ചുമാറ്റുന്ന പള്ളിഭാഗത്തിന്റെ താഴത്തെ നിലയില്‍ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ബുള്‍ഡോസറുകള്‍ ഉപയോഗിച്ചുള്ള പൊളിക്കല്‍ ഒഴിവാക്കുന്നതിനായി, പള്ളിയിലെ അപകടാവസ്ഥയിലുള്ള ഒരു സ്ലാബ് സ്വയം പൊളിച്ചുമാറ്റാന്‍ പ്രദേശത്തെ മുസ്ലിംകള്‍ മുന്‍കൈയെടുത്തിരുന്നു. മിനാരവും തങ്ങള്‍ തന്നെ പൊളിച്ചുമാറ്റാമെന്ന് അവര്‍ അറിയിച്ചിരുന്നു.

എന്നാല്‍ പിന്നീട് ഭരണകൂടം തന്നെ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഉയര്‍ന്ന അധികാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണമാണ് ഈ തീരുമാനമെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Content Highlight: Minaret falls on mosque’s roof during demolition work in Ujjain

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more