| Saturday, 12th September 2015, 8:55 pm

ബീഹാറില്‍ മത്സരിക്കുമെന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍; മതേതരസഖ്യത്തിന് ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന:  വരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍. സംസ്ഥാനത്തെ സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടി മത്സരിക്കുകയെന്നും എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ഹൈദരാബാദില്‍ നിന്നുള്ള പാര്‍ട്ടിയായ എം.ഐ.എം നേരത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ 2 സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബീഹാറിലും ഭാഗ്യ പരീക്ഷണത്തിനിറങ്ങുന്നത്.

അതേ സമയം ബീഹാറില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണെന്നിരിക്കെ എം.ഐ.എം നീക്കത്തില്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി, ജെ.ഡി.യു സഖ്യത്തിന് കടുത്ത ആശങ്കയാണുള്ളത്.

മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലില്‍ 23 അസംബ്ലി സീറ്റുകളാണുള്ളത്. ഇവിടെ 15-20ശതമാനം വരെ മുസ്‌ലിം വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് എം.ഐ.എം അവകാശവാദമുന്നയിച്ചിരുന്നത്. കിഷന്‍ഗഞ്ച്, അരാരിയ, പുര്‍ണിയ ഖൈതര്‍ എന്നി സ്ഥലങ്ങള്‍ സീമാഞ്ചലിലാണ്. ഇതില്‍ കിഷന്‍ഗഞ്ച് കോണ്‍ഗ്രസ് ശക്തി കേന്ദ്രമായിരുന്നെങ്കിലും 2010ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജെ.ഡി.യു സഖ്യമാണ് ഇവിടെ ജയിച്ചിരുന്നത്. എന്നാല്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവുമായി പിരിഞ്ഞ് മത്സരിച്ച ബി.ജെ.പിക്ക് ഇവിടെ ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എം.ഐ.എം നീക്കത്തിനെതിരെ ജെ.ഡി.യു ഉള്‍പ്പടെയുള്ള കക്ഷികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വേണ്ടിയാണ് എം.ഐ.എം ബീഹാറില്‍ മത്സരിക്കുന്നതെന്ന് ജെ.ഡി.യു വക്താവ് അജയ് അലോക് പറഞ്ഞു.

അതിനിടെ ബീഹാറില്‍ മത്സരിക്കുമെന്ന് ശിവസേനയും പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more