| Monday, 24th November 2025, 6:27 pm

സംഘം ഇനിമുതല്‍ മില്‍മ ബഹിഷ്‌കരിക്കുക, പുതിയ പോസ്റ്റില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കിയതില്‍ ട്രോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മില്‍മ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ മില്‍മ ഷോപ്പിന്റെ മുന്നിന്‍ നിന്നുകൊണ്ട് ചായകുടിക്കുന്ന ഫോട്ടോയാണ് മില്‍മ അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. നാനോ ബനാനയുടെ സഹായത്തോടെ അഖില്‍ കിളിയന്‍ എന്നയാളാണ് ഈ എ.ഐ ചിത്രം നിര്‍മിച്ചത്.

‘ടീ ബ്രേക്ക്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ ഫോട്ടോ വളരെ വേഗത്തില്‍ വൈറലായി. എന്നാല്‍ ഈ ഫോട്ടോയില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കിയതാണ് ചര്‍ച്ചാവിഷയം. ഈ വിഷയത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. മലയാളസിനിമ സുരേഷ് ഗോപിയില്ലാതെ പൂര്‍ണമാകില്ലെന്നാണ് സുരേഷ് ഗോപിയുടെ അനുകൂലികള്‍ അഭിപ്രായപ്പെടുന്നത്.

പോസ്റ്റിന്റെ താഴെ നിരവധിയാളുകള്‍ സുരേഷ് ഗോപിയുടെ ജിഫ് ഇമേജുകള്‍ പങ്കുവെക്കുന്നുണ്ട്. നികേഷ് കുമാറുമായുള്ള അഭിമുഖത്തില്‍ താരം അവതാരകനോട് ചൂടാകുന്നത്, മണിച്ചിത്രത്താഴില്‍ കരഞ്ഞുകൊണ്ട് നടക്കുന്നത് തുടങ്ങിയ ജിഫ് ഇമേജുകള്‍ക്ക് കമന്റ് ബോക്‌സില്‍ നിരവധി ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഒഴിവാക്കിയത് നന്നായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സുരേഷ് ഗോപി അടുത്ത കാലത്തായി നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി പലരും താരത്തെ പരിഹസിക്കുന്നുണ്ട്. ‘പശുവിന്റെ അകിടില്‍ നിന്ന് നേരിട്ട് കുടിക്കുന്നതിനാണ് ശുദ്ധിയെന്ന് പറയുന്നയാളെ ഒഴിവാക്കിയത് നന്നായി’ എന്ന ക്യാപ്ഷനുമായി പങ്കുവെച്ച പോസ്റ്റ് ഇതിനോടകം വൈറലായി.

പലരും മില്‍മയുടെ ഈ ഫോട്ടോ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമുണ്ട്. ‘സുരേഷ് ഗോപിയെ ഒഴിവാക്കിയ മില്‍മ ഇനിമുതല്‍ സംഘം ബഹിഷ്‌കരിക്കുന്നു’, ‘ഈ ഫോട്ടോ എടുത്തത് സുരേഷ് ഗോപിയാണ്, അതുകൊണ്ടാണ് പുള്ളി ഇതില്‍ ഇല്ലാത്തത്’, ‘മില്‍മ ഒഴിവാക്കിയാലും ഈ നാല് പേരും സുരേഷ് ഗോപിയെ ഒഴിവാക്കില്ല, പുള്ളിയാണ് പൈസ കൊടുക്കേണ്ടത്’ എന്നിങ്ങനെ ധാരാളം കമന്റുകളുണ്ട്.

നാനോ ബനാനാ പ്രോയിലൂടെ ഇത്തരം എ.ഐ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തമിഴ് താരങ്ങളായ രജിനികാന്ത്, കമല്‍ ഹാസന്‍, സൂര്യ, അജിത്, വിജയ് എന്നിവര്‍ ഒരുമിച്ച് ചായ കുടിക്കാന്‍ പോകുന്ന എ.ഐ ഫോട്ടോ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതേ ട്രെന്‍ഡ് മലയാളം പേജുകളും ഏറ്റെടുത്തിരിക്കുകയാണ്.

Content Highlight: Milma’s new photo viral in social media

We use cookies to give you the best possible experience. Learn more