| Saturday, 7th September 2019, 4:08 pm

മില്‍മ പാലിന് വില കൂടും; കൂട്ടുന്ന വിലയുടെ 82 ശതമാനവും കര്‍ഷകര്‍ക്ക്; ആശ്വാസമേകുന്ന തീരുമാനമെന്ന് ക്ഷീരകര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതം കൂടും. സെപ്തംബര്‍ 21-ാം തീയതി മുതല്‍ പുതിയ വില നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പുതുക്കിയ വിലയുടെ 82 ശതമാനം കര്‍ഷകന് നല്‍കാനാണ് തീരുമാനം.

മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാല്‍ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനം വന്നത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വില വര്‍ധനവ് നടപ്പില്‍ വരുത്താറുള്ളു.

പതിനാറാം തിയതി സംസ്ഥാന മില്‍ക്ക് മാര്‍ക്കറ്റിക് ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം വിലവര്‍ധനവ് പ്രഖ്യാപിക്കുമെന്ന് മില്‍മ ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ കല്ലട രമേശ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ 21 മുതല്‍ പുതുക്കിയ വില നിലവില്‍ വരുമെന്നാണ് അറിയുന്നത്. ഇതോട പാല്‍ വില ( ടോണ്‍ഡ് മില്‍ക് നില കവര്‍) ലിറ്ററിന് വില 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന്റെ വില ലിറ്ററിന് 41 ല്‍ നിന്ന് 45 രൂപയുമാകും.

അതേസമയം ഏഴ് രൂപയുടെ വര്‍ധനവ് വേണമെന്ന് സര്‍ക്കാരിനോട് മില്‍മ ആവശ്യപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് മില്‍മ ഡയരക്ടര്‍ ബോര്‍ഡ് പ്രതികരിച്ചു.

‘ഏഴ് രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം യോഗത്തില്‍ ആരും ഉന്നയിച്ചിട്ടില്ല. മില്‍മയോ ഡിപാര്‍ട്‌മെന്റോ ഏഴ് രൂപയുടെ വര്‍ധനവ് വേണമെന്ന് പറഞ്ഞിട്ടില്ല. അത്തരമൊരു കണക്ക് വന്നത് എന്ന് അറിയില്ല. നാല് രൂപയുടെ വര്‍ധനവ് വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് തീരുമാനമാകുകയായിരുന്നു’.- രമേശ് പറഞ്ഞു.

നാല് രൂപ കൂട്ടുന്നതില്‍ 3.35 രൂപ ലിറ്ററിന് കര്‍ഷകര്‍ക്ക് കൂടുതലായി കിട്ടും. സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില കൂടിയിട്ടുണ്ട്. ലിറ്ററിന് 46 രൂപയാണ് ഫാമുകളിലെ നിരക്ക്.

2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിന് വില കൂട്ടിയത്. പ്രളയശേഷം ആഭ്യന്തര ഉത്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്ററിന്റെ കുറവുണ്ടാകുകയും ചെയ്തിരുന്നു.

എന്നാല്‍ ആഭ്യന്തര ഉത്പ്പാദനത്തില്‍ വന്ന കുറവ് കൊണ്ട് മാത്രമല്ല വില കൂട്ടാന്‍ ശുപാര്‍ശ ചെയ്തതെന്നും കാലിത്തീറ്റയില്‍ വന്ന വില വര്‍ധനവ് മൂലമാണ് പാലിന് വിലകൂട്ടാന്‍ തീരുമാനിച്ചതെന്നും മില്‍മ പറഞ്ഞു. കാലിത്തീറ്റയിലെ വര്‍ധനകാരണം കര്‍ഷകര്‍ക്ക് ഉത്പാദനം നഷ്ടമാണെന്നും മില്‍മ പ്രതികരിച്ചു.

‘2017 ഫെബ്രുവരി 11 നാണ് ഇതിന് മുന്‍പ് പാലിന്റെ വില കൂട്ടിയത്. അന്ന് നാല് രൂപയായിരുന്നു കൂട്ടിയത്. അതിന് ശേഷം മൂന്ന് തവണയായി 190 രൂപയോളം കാലിത്തീറ്റയില്‍ വര്‍ധനവ് വന്നു. അപ്പോള്‍ സ്വാഭാവികമായും കര്‍ഷകന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. കര്‍ഷകന് പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ അവര്‍ ഈ മേഖലയില്‍ നിന്ന് അവര്‍ പിന്നോട്ടുവലിയും. അപ്പോള്‍ കര്‍ഷകര്‍ക്ക് കൂടി സഹായകരമാക്കാനാണ് ഇത്തരമൊരു വിലവര്‍ധനവിന് ശുപാര്‍ശ ചെയ്തത്. അതുകൊണ്ട് തന്നെയാണ് കൂടിയ വിലയുടെ 82 ശതമാനവും കര്‍ഷകന് കൊടുക്കുന്നത്. കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോഴാണ് മില്‍മ പാലിന് വില വര്‍ധിപ്പിക്കുന്നത്. അല്ലാതെ മില്‍മയ്ക്ക് വേണ്ടിയോ ഡിപാര്‍ട്‌മെന്റിന് വേണ്ടിയിട്ടോ അല്ല ഇത്തരമൊരു വര്‍ധനവ്. – മില്‍മ ഡയരക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി.

അതേസമയം ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്. ” കാലിത്തീറ്റയിലെ വര്‍ധനവ് വലിയ തിരിച്ചടിയായിരുന്നു. ഏറെ കഷ്ടപ്പെട്ട് പാല്‍ ലഭിച്ചാല്‍ തന്നെ ഉത്പാദന ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്. പാല്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു. നിരവധി ക്ഷീരകര്‍ഷകര്‍ നഷ്ടം കാരണം ഈ മേഖലയില്‍ നിന്നും പിന്നോട്ടുപോയി. വര്‍ധിപ്പിച്ച വിലയുടെ 82 ശതമാനം നല്‍കാനുള്ള മില്‍മയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്’ -എന്നാണ് മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷനായ പ്രദീപന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

പാല്‍ വിലയുടെ ഏറ്റവും വലിയൊരു ശതമാനം കര്‍ഷകന് കൊടുക്കുന്നത് കേരളത്തിലാണെന്നും ഇന്ത്യയില്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോഴും കേരളത്തില്‍ തന്നെയാണ് കര്‍ഷകര്‍ക്ക് വിലയുടെ നല്ലൊരു പങ്കും ലഭ്യമാക്കുന്നതെന്നുമാണ് മില്‍മ പറയുന്നത്. മാത്രമല്ല വാങ്ങല്‍ വിലയും വില്‍പ്പന വിലയും തമ്മിലുള്ള മാര്‍ജിന്‍ ഏറ്റവും കുറവുള്ളതും കേരളത്തില്‍ ആണ്. എല്ലാ സംസ്ഥാനത്തും ഈ മാര്‍ജിന്‍ കൂടുതലാണെന്നും മില്‍മ ചൂണ്ടിക്കാട്ടുന്നു.

അതേസമയം പാല്‍ വില വര്‍ധിക്കുന്നതോടെ പാലുത്പ്പന്നങ്ങളുടെ വിലയും വൈകാതെ വര്‍ധിപ്പിച്ചേക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ഷീരകര്‍ഷകര്‍ നേരിടുന്ന ഉയര്‍ന്ന ഉത്പാദനം ചെലവ് പരിഗണിച്ചാണ് വില വര്‍ധിപ്പിക്കുന്നതെന്ന മന്ത്രി കെ. രാജു പ്രതികരിച്ചു. ‘ തമിഴ്‌നാട്ടില്‍ ആഗസ്റ്റ് 31 മുതല്‍ വില ലിറ്ററിന് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ വര്‍ധിപ്പിച്ച തുകയുടെ 66.67 ശതമാനം മാത്രമാണ് അവിടെ കര്‍ഷകര്‍ക്ക് നല്‍കിയത്. ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് വര്‍ധിപ്പിച്ച തുകയുടെ നാല് ശതമാനം നല്‍കും. മില്‍മ പാല്‍ വിതരണ ഏജന്‍സികള്‍ക്കും നാല് ശതമാനം നല്‍കും. അതോടൊപ്പം പ്രത്യേക ഇന്‍സെന്റീറ്റാവായി നാല് ശതമാനം നാല് ശതമാനം നല്‍കും. ക്ഷീര കര്‍ഷക ക്ഷേമനിധിക്കായി വര്‍ധിപ്പിച്ച തുകയുടെ 0.75 ശതമാനം നല്‍കും’- മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഗ്രീന്‍ കേരള ഇനീഷ്യേറ്റീവിനായി വര്‍ധിപ്പിച്ച തുകയുടെ 0.25 ശതമാനം ചെലവഴിക്കും. പ്രതിവര്‍ഷം ഏകദേശം രണ്ട് കോടി രൂപ ഈ ഇനത്തില്‍ ചിലവ് വരുമെന്നും മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ധനവ് വരുത്തിയെങ്കിലും 12 പൈസയില്‍ താഴെ മാത്രമേ മില്‍മയ്ക്ക് ലഭിക്കുള്ളൂവെന്നാണ് മില്‍മ ഡയരക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ രമേശ് പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രളയശേഷം ആഭ്യന്തരോദ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ദിവസം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയപ്പോള്‍ ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്ററാണ്.

We use cookies to give you the best possible experience. Learn more