| Saturday, 11th October 2025, 4:03 pm

'ഡാ മോനേ ഒന്ന് കൂളായിക്കേ നീ' പൊലീസിനോട് ചോദ്യം ചോദിച്ച ഗോവിന്ദിനെ പരസ്യമാക്കി മിൽമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊലീസിനോട് ചോറ് ചോദിച്ച് വൈറലായ സ്‌കൂൾ വിദ്യാർത്ഥി ഗോവിന്ദ് മിൽമയുടെ പരസ്യത്തിൽ. ‘ഡാ മോനേ ഒന്ന് കൂളായിക്കേ നീ’ എന്ന ടാഗ്‌ലൈനോടെയാണ് പരസ്യം.

‘പൊലീസ് മാമൻമാരോട് ചോറും ഇത്തിരി ന്യായവും ചോദിച്ച കൊച്ചുമിടുക്കന് മിൽമയുടെ സ്‌നേഹം’ എന്ന വാചകവും പരസ്യത്തിലുണ്ട്. മിൽമയുടെ സോഷ്യൽ മീഡിയ പേജുകളിലാണ് പോസ്റ്റർ പങ്കുവെച്ചത്. പുതുതായി മിൽമ പുറത്ത് വിട്ട പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരവധി പേരാണ് ഈ പരസ്യം ഷെയർ ചെയ്യുന്നത്.

ബി.ജെ.പി ക്ലിഫ് ഹൗസ് മാർച്ചിനിടെയാണ് ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ ഗോവിന്ദ് കുടുങ്ങിപ്പോയത്. പിന്നാലെ പൊലീസുകാരുമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

‘സാറേ ഒന്നുങ്കിൽ ചോറ് വേണം ഇല്ലെങ്കിൽ അപ്പുറത്താക്കി താ’ എന്നായിരുന്നു കുട്ടി പറഞ്ഞത്. ബാരിക്കേഡ് സ്ഥാപിച്ചതിനപ്പുറത്താണ് വീടെന്നും അവിടേക്കണ് പോകേണ്ടതെന്നും കുട്ടി പൊലീസിനോട് പറയുന്നുണ്ട്. അൽപ സമയത്തിന് ശേഷം  പൊലീസ് തന്നെ കുട്ടിക്ക് വഴിയൊരുക്കി കൊടുക്കുകയായിരുന്നു.

മിൽമയുടെ ഇത്തരത്തിലുള്ള പരസ്യങ്ങൾ ഉപഭോക്താക്കൾക്കിടയിലും സമൂഹ മാധ്യമങ്ങളിലും ചർച്ചാ വിഷയമാവാറുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്ന വിഷയങ്ങളും വാക്ക് പ്രയോഗങ്ങളും സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന സംഭാഷണങ്ങളും മിൽമ എപ്പോഴും പരസ്യത്തിൽ ഉപയോഗിക്കാറുണ്ട്.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ബി.ജെ.പി ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. അതേസമയം, സ്വർണപാളി വിവാദം കർമയാണെന്നും എങ്ങനെയെല്ലാം അയ്യപ്പനെ അവഹേളിച്ചുവോ അതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോൾ സർക്കാരിന് ലഭിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Content Highlight: Milma makes Govind as advertisement, who questioned the police

We use cookies to give you the best possible experience. Learn more