വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ് സൈനിക നടപടി അനാവശ്യമായിരുന്നുവെന്ന് ഭൂരിഭാഗം അമേരിക്കന്‍ വോട്ടര്‍മാരും കരുതുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ടുകള്‍. യുദ്ധം വരുത്തിവെച്ച കനത്ത സാമ്പത്തിക ആഘാതവും നയതന്ത്ര പരാജയവുമാണ് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വര്‍ധിപ്പിക്കുന്നത്.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, യുദ്ധത്തിന് പിന്നാലെ ഒപ്പുവെച്ച സമാധാന കരാറിനെക്കുറിച്ചും അമേരിക്കയിലെയും ഇസ്രഈലിലെയും വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത സംശയങ്ങളും അവിശ്വാസവും നിലനില്‍ക്കുന്നുണ്ട്.
ക്വിന്നിപിയാക് സര്‍വകലാശാല നടത്തിയ ദേശീയ സര്‍വേ പ്രകാരം 60 ശതമാനം വോട്ടര്‍മാരും ഇറാനെതിരായ സൈനിക നടപടി ലാഭകരമായിരുന്നില്ല/ പരാജയമായിരുന്നുവെന്ന് വിശ്വസിക്കുന്നു. 34 ശതമാനം പേര്‍ മാത്രമാണ് യുദ്ധം ഗുണകരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്.
ഇറാനെതിരായ യുദ്ധത്തില്‍ രാഷ്ട്രീയമായി വോട്ടര്‍മാര്‍ ഭിന്നരാണ്. ഡെമോക്രാറ്റുകളില്‍ 93 ശതമാനവും സ്വതന്ത്ര വോട്ടര്‍മാരില്‍ 66 ശതമാനവും യുദ്ധം ഗുണകരമല്ലെന്ന് കരുതുമ്പോള്‍, 75 ശതമാനം റിപ്പബ്ലിക്കന്‍മാരും സൈനിക നടപടിയെ പിന്തുണയ്ക്കുന്നവരാണ്.
യുദ്ധം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 60 ദിവസത്തെ സമാധാന കരാറില്‍ (എം.ഒ.യു) 59 ശതമാനം ജനങ്ങള്‍ക്കും ഒട്ടും വിശ്വാസമില്ല.
മൂന്ന് മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിന് അമേരിക്കയ്ക്ക് ഏകദേശം 60 ബില്യണ്‍ ഡോളര്‍ ചെലവായതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില വര്‍ധിച്ചു. ഇത് ശരാശരി ഒരു അമേരിക്കന്‍ കുടുംബത്തിന് 447.19 ഡോളറിന്റെ അധിക ബാധ്യതയാണ് വരുത്തിവെച്ചത്.
സൈനിക നടപടി മൂലം ആഗോളതലത്തില്‍ അമേരിക്കയുടെ ശക്തിയും സ്വാധീനവും കുറഞ്ഞതായി 45 ശതമാനം പേര്‍ വിശ്വസിക്കുന്നു.
യുദ്ധം കഴിഞ്ഞിട്ടും ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് 61 ശതമാനം വോട്ടര്‍മാരും കരുതുന്നു. ഇറാന്റെ ആണവ-മിസൈല്‍ ശേഷി തകര്‍ക്കാന്‍ ഈ സൈനിക നീക്കത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ഭൂരിപക്ഷത്തിന്റെയും വിലയിരുത്തല്‍.
അമേരിക്ക ഇസ്രഈലിന് നല്‍കുന്ന പിന്തുണ ആവശ്യത്തേക്കാള്‍ അധികമാണെന്നാണ് 48 ശതമാനം പേരും കരുതുന്നത്. 2017ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അമേരിക്കയേക്കാള്‍ കടുത്ത അതൃപ്തിയാണ് ഇസ്രഈലിലെ ജനങ്ങള്‍ക്കിടയിലുള്ളത്. അവിടെ നടന്ന ഒരു സര്‍വേയില്‍ 92 ശതമാനം ഇസ്രഈലികളും വിശ്വസിക്കുന്നത് യുദ്ധത്തില്‍ ഇറാനാണ് വിജയിച്ചതെന്നാണ്. കൂടാതെ, ഈ യുദ്ധം ഇസ്രഈലിന്റെ സുരക്ഷയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തിയെന്ന് 83 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ഇറാനെതിരായ ഇടപെടല്‍ വിജയകരമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ അത് അംഗീകരിക്കുന്നില്ല. പ്രസിഡന്റ് ട്രംപ് ഇറാന്‍ വിഷയം കൈകാര്യം ചെയ്ത രീതിയെ 34 ശതമാനം പേര്‍ മാത്രമാണ് അനുകൂലിക്കുന്നത്. അതേസമയം, 62 ശതമാനം പേര്‍ ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ട്രംപിന്റെ മൊത്തത്തിലുള്ള ഭരണമികവില്‍ 38 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ 55 ശതമാനം പേര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
യുദ്ധത്തിലൂടെ ഇറാനിലെ ഭരണമാറ്റമാണ് ലക്ഷ്യം വെച്ചിരുന്നതെങ്കിലും അതില്‍ പൂര്‍ണമായി പരാജയപ്പെട്ടതും, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ തകര്‍ക്കാന്‍ കഴിയാത്തതുമാണ് ജനങ്ങള്‍ക്കിടയിലെ അതൃപ്തിക്ക് പ്രധാന കാരണം.
ഇരു രാജ്യങ്ങളിലെയും ഭരണനേതൃത്വങ്ങള്‍ സ്വീകരിച്ച നയതന്ത്ര-സൈനിക തന്ത്രങ്ങളിലുള്ള ജനങ്ങളുടെ കടുത്ത ആത്മവിശ്വാസക്കുറവാണ് ഈ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
Content highlight: Military action against Iran failed; Most US and Israeli voters dissatisfied, new survey finds