| Wednesday, 14th October 2026, 10:48 am

ഹൂത്തികള്‍ക്കെതിരായ സൈനിക നീക്കം: നെതന്യാഹുവിന്റെ സഹായ അഭ്യര്‍ത്ഥന തള്ളി സൗദി അറേബ്യ

നിഷാന. വി.വി

റിയാദ്: യമനിലെ ഹൂത്തികള്‍ക്കെതിരായ പോരാടാനുള്ള ഇസ്രഈലിന്റെ അഭ്യര്‍ത്ഥന സൗദി അറേബ്യ നിരസിച്ചതായി റിപ്പോര്‍ട്ട്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രഈലിന്റെ ക്ഷണം നിരസിച്ചതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൗദിക്കെതിരായ ഹൂത്തികളുടെ ആക്രമത്തെ തുടര്‍ന്ന് തങ്ങള്‍ സഹായിക്കാമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് മധ്യസ്ഥതയിലൂടെ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ സൗദി സമൂഹത്തിനിടയില്‍ ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുമെന്ന് ഭയന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്ഷണം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ട്.

2020ല്‍ യു.എ.ഇ, ബഹ്റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ഇസ്രഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതുപോലെ (അബ്രഹാം കരാര്‍), സൗദി അറേബ്യയും ഇസ്രഈലുമായി സാധാരണ നിലയിലുള്ള ബന്ധം സ്ഥാപിക്കുമെന്ന കാര്യത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവും മുമ്പ് വലിയ പ്രതീക്ഷകള്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ 2023 ഒക്ടോബറില്‍ ഗസയില്‍ ഇസ്രായേല്‍ ആരംഭിച്ച യുദ്ധവും അതിക്രമങ്ങളും ആ പദ്ധതികളെല്ലാം തകിടം മറിക്കുകയായിരുന്നു.പിന്നാലെയാണ് നിലവിലെ അവസരം മുതലെടുത്ത ഇസ്രഈലിന്റെ അടുത്ത നീക്കം.

അതേസമയം ശനിയാഴ്ച കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേന്‍ അറിയിച്ചു. എന്നാല്‍ ഇതിന് പിന്നാലെ സംഭവത്തെ അപലപിച്ച് കൊണ്ട് നെതന്യാഹു രംഗത്തെത്തുകയും ചെയ്തിരുന്നു.

‘സൗദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ഇസ്രഈല്‍ ജനതയുടെ പേരില്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് പൂര്‍ണമായ സുഖം പ്രാപിക്കാന്‍ ആശംസിക്കുകയും ചെയ്യുന്നു,’ നെതന്യാഹു പറഞ്ഞു.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more