| Friday, 26th September 2014, 10:14 am

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഇസിസ് തീവ്രവാദിയെ തിരിച്ചറിഞ്ഞെന്ന് എഫ്.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് മാധ്യമപ്രവര്‍ത്തകരെ വധിക്കുന്ന രണ്ട് വീഡിയോകളിലും പ്രത്യക്ഷപ്പെട്ട ഇസിസ് തീവ്രവാദിയെ തിരിച്ചറിഞ്ഞതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ അവകാശവാദം.

മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളിയെയും സ്റ്റീവന്‍ ജെ. സോട്‌ലോഫിനെയും വധിക്കുന്ന ഇസിസ് തീവ്രവാദിയെ തങ്ങള്‍ തിരിച്ചറിഞ്ഞെന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് ബി. കോമി അവകാശപ്പെട്ടു. എന്നാല്‍ യു.എസിലെയും ബ്രിട്ടനിലെയും ഏജന്‍സികള്‍ ഇയാളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനാല്‍ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബ്ദം-തിരിച്ചറിയല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്റലിജന്‍സ് ഏജന്‍സി ഇയാളെ തിരിച്ചറിഞ്ഞതെന്നാണ് പറയുന്നത്. കൊലയാളിയെ തിരിച്ചറിയുന്നതിനായി ഇയാളുടെ ശബ്ദവും ഇസിസിലേക്ക് ചേര്‍ന്നെന്ന് കരുതുന്ന പടിഞ്ഞാറന്‍ പോരൊളികളുടെ ശബ്ദവും താരതമ്യം ചെയ്താണ് ആളെ തിരിച്ചറിഞ്ഞത്.

വടക്കെ അമേരിക്കന്‍ ഉച്ചാരണമുള്ള ഇംഗ്ലീഷാണ് വീഡിയോയില്‍ മുഖംമൂടി ധരിച്ചയാള്‍ സംസാരിക്കുന്നതെന്ന് കോമെ പറയുന്നു. ഇറാഖിനെ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോടുള്ള പ്രതികാര നടപടിയായാണ് മാധ്യമപ്രവര്‍ത്തകരെ വധിക്കുന്നത് എന്നാണ് വീഡിയോയില്‍ കറുത്തതുണി കൊണ്ട് മുഖം മറിച്ച രീതിയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ പറയുന്നത്.

രണ്ട് കൊലപാതകവും നടന്നത് ഒരേ മരുഭൂമിയില്‍ തന്നെയാണെന്നാണ് എഫ്.ബി.ഐയുടെ കണ്ടെത്തല്‍. വീഡിയോയുടെ പശ്ചാത്തലത്തില്‍ നിന്നും ഇത് വ്യക്തമാകുന്നുണ്ട്.

We use cookies to give you the best possible experience. Learn more