| Saturday, 22nd August 2026, 2:20 pm

വല്ല്യ കാര്യത്തില്‍ ദുല്‍ഖറിനെ കൊണ്ട് പോയി നാണം കെട്ടു, പക്ഷേ അതിന് അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു: മിഥുന്‍ രമേശ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമയിലെ അമരക്കാരിലൊരാളായ സൂപ്പര്‍ താരം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റെ സ്വപ്രയത്‌നത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. തെലുങ്കിലും ഹിന്ദിയിലും തമിഴിലും വമ്പന്‍ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ദുല്‍ഖര്‍ സ്വന്തമാക്കിയത്. സീതാരാമം, കണ്ണും കണ്ണും കൊള്ളയടിത്താല്‍, കാന്ത, ലക്കി ഭാസ്‌കര്‍ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിലാണ് ദുല്‍ഖര്‍ അന്യഭാഷയില്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിക്കാനും ദുല്‍ഖറിന് സാധിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍. Photo: X.com

ഇപ്പോഴിതാ വിദേശരാജ്യത്ത് ദുല്‍ഖറുമൊത്ത് ഒരു ഷോ ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് അവതാരകനും അഭിനേതാവുമായ മിഥുന്‍ രമേശ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ സൂപ്പര്‍ താരമെന്ന നിലയില്‍ ദുല്‍ഖറിനെ തന്റെ സി.ഇ.ഒയ്ക്ക് പരിചയപ്പെടുത്താനായി പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന നാണക്കേടിനെ കുറിച്ചും ഇതിന് ദുല്‍ഖര്‍ പറഞ്ഞ മറുപടിയെ കുറിച്ചുമാണ് മിഥുന്‍ സംസാരിച്ചത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ഒരു ഷോയുടെ ഭാഗമായി ദുല്‍ഖര്‍ നമ്മുടെ വിദേശത്തുള്ള ഒരു എഫ്.എം സ്റ്റേഷനില്‍ വന്നിരുന്നു. നമ്മളത് ആഘോഷമാക്കി മാറ്റി. ദുല്‍ഖറിനെ ഇന്‍വൈറ്റ് ചെയ്യാന്‍ ആളുകളും അദ്ദേഹത്തിന്റെ സിനിമയിലെ പാട്ടുകള്‍ വെച്ചുള്ള ഡാന്‍സും എല്ലാം വെച്ചാണ് ഞങ്ങള്‍ സ്വീകരിച്ചത്. ദുല്‍ഖറിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ അദ്ദേഹം പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. വരുന്നതറിഞ്ഞ് അടുത്തുള്ള ഹിന്ദി സ്റ്റേഷനില്‍ നിന്നും അറബി സ്റ്റേഷനില്‍ നിന്നുമെല്ലാം ആളുകള്‍ വരാന്‍ തുടങ്ങി.

അതുകൊണ്ട് തന്നെ അദ്ദേഹം കൂടെയുള്ളത് ഷോ ഓഫ് ചെയ്താണ് ഞങ്ങള്‍ പോയത്. അത്തരത്തിലൊരു ഫാന്‍ ബേസ് അദ്ദേഹത്തിനുണ്ട്. വെറുതെ ഞാന്‍ ഉണ്ടാക്കി പറയുന്നതല്ല. ദുല്‍ഖറിന്റെ സീതാ രാമവും ഹിന്ദിയിലെ കാര്‍വാനും എല്ലാം കണ്ടതുകൊണ്ട് വലിയ ഒരു ഫാന്‍ബേസ് അദ്ദേഹത്തിന് ഇവര്‍ക്കിടയിലുണ്ട്. ലക്കി ബാസ്‌കറിന്റെ പ്രൊമോഷന്‍ സമയത്താണെന്നാണ് എന്റെ ഓര്‍മ. എല്ലായിടത്തും അദ്ദേഹത്തെ കൊണ്ട് പോയി. എന്നാല്‍ പിന്നെ അപ്പുറത്ത് സെയില്‍സ് സൈഡ് കാണിച്ചിട്ട് പോകാം എന്ന് വിചാരിച്ച് അങ്ങോട്ടേയ്ക്ക് പോയി.

ദുല്‍ഖറിന്റെ മുന്നില്‍ ഒന്ന് ആളാവാമല്ലോ എന്ന് കരുതിയാണ് കൊണ്ടുപോയത്. അങ്ങനെ സി.ഇ.ഒയുടെ റൂമിലേക്ക് പോയി. നമ്മള്‍ ഇങ്ങനെ സെലിബ്രിറ്റികളെ എല്ലാം കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം അറിയട്ടെ എന്ന് കരുതിയാണ് അങ്ങോട്ട് ചെന്നത്. പക്ഷേ ചെന്ന സമയത്ത് ആരോ ലീഗല്‍ നോട്ടീസ് അയച്ചതിന്റെ കോളില്‍ തിരക്കിലായിരുന്നു അദ്ദേഹം. ഞാന്‍ ഡോര്‍ തുറന്ന് ദുല്‍ഖറിനെയും കൊണ്ട് കയറുമ്പോള്‍ ഇപ്പോള്‍ വരരുത് മിഥുന്‍, ഞാന്‍ തിരക്കിലാണ് പിന്നെ വരൂ എന്ന് അദ്ദേഹം പറഞ്ഞു. ഇത് കേട്ടപ്പോള്‍ ദുല്‍ഖറിന്റെ മുന്നില്‍ നാണം കെട്ടല്ലോ എന്നായിപ്പോയി ഞാന്‍,’ മിഥുന്‍ പറഞ്ഞു.

മിഥുന്‍ രമേശ്. Photo: Screen Grab/ Movie world original

ഇത് കണ്ടിട്ട് ദുല്‍ഖര്‍ പറഞ്ഞത് നമ്മുടെ ജീവിതത്തില്‍ ഇത്തരത്തിലുള്ള മൊമന്റ്‌സ് വേണമെന്നും എങ്കില്‍ മാത്രമേ നമുക്ക് എളിമയുള്ളവരായി ജീവിക്കാന്‍ കഴിയൂ എന്നായിരുന്നുവെന്ന് മിഥുന്‍ ഓര്‍ത്തെടുക്കുന്നു. ഇത്രയും ഫാന്‍ബേസില്‍ നമ്മള്‍ നടക്കുമ്പോഴും നമ്മളെ അറിയാത്തവരായി ഒരാള്‍ ഉണ്ടായാല്‍ മാത്രമേ നമുക്ക് എളിമയോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Midhun ramesh talks about his experience with actor Dulquer Salmaan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more