| Saturday, 23rd August 2025, 1:20 pm

ലാലേട്ടനേയും ഷാരൂഖ് ഖാനെയും കാണുമ്പോൾ ആദ്യം തോന്നുന്നത് അക്കാര്യം: മിഥുൻ രമേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ നടനും ടെലിവിഷന്‍ അവതാരകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് മിഥുന്‍ രമേശ്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്.

വെട്ടം സിനിമയിലെ അദ്ദേഹത്തിന്റെ ഫെലിക്‌സ് എന്ന കഥാപാത്രവും, റണ്‍വേയിലെ ജോണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മലയാളത്തിലെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് മിഥുന്‍. വേറിട്ട അവതരണശൈലിയാണ് അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്.

വിവിധ പരിപാടികള്‍ക്ക് മിഥുന്‍ അവതരണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സൂപ്പര്‍താരങ്ങളെക്കുറിച്ചും ആങ്കറിങ്ങിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘സൂപ്പര്‍ സ്റ്റാറുകളുമായിട്ട് ഇടപെഴുകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. എനിക്ക് ഇപ്പോഴും മമ്മൂക്കയും ലാലേട്ടനും വന്ന് കഴിഞ്ഞാല്‍ ആദ്യമായിട്ട് സ്റ്റേജില്‍ കയറുന്നത് പോലെ തന്നെയാണ്. ആദ്യം ഒരു പത്ത് മിനിട്ട് എടുക്കും ഒന്ന് ലെവലായി വരാന്‍ വേണ്ടി. അതുകഴിഞ്ഞിട്ടേ ഞാന്‍ പിന്നെ റിയാലിറ്റിയിലേക്ക് വരുളളു,’ മിഥുന്‍ പറയുന്നു.

സ്റ്റാര്‍ സിങ്ങറിന്റെ ബ്രേക്ക് വന്നപ്പോള്‍ മോഹന്‍ലാല്‍ വന്നിരുന്നെന്നും ആദ്യത്തെ കുറച്ച് സമയം എക്‌സൈറ്റ്‌മെന്റ് ആണെന്നും മിഥുന്‍ പറഞ്ഞു. കുട്ടികളെന്തെങ്കിലും ആദ്യമായിട്ട് ചെയ്യുന്നത് പോലെയാരിക്കും താനെന്നും അതുകഴിഞ്ഞാല്‍ താന്‍ റിയാലിറ്റിയിലേക്ക് വരുമെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് നാല് തവണ ഷാരൂഖ് ഖാനൊപ്പം വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചെന്നും എന്നാല്‍ എപ്പോള്‍ കണ്ടാലും തനിക്ക് എക്‌സൈറ്റ്‌മെന്റാണെന്നും അദ്ദേഹം പറയുന്നു. അത് തനിക്ക് ഇപ്പോഴും ഉണ്ടെന്നും നസ്‌ലെനെ വേദിയില്‍ കിട്ടുമ്പോഴും തനിക്ക് സൂപ്പര്‍സ്റ്റാറിനെ കാണുമ്പോള്‍ തോന്നുന്ന അതേ എക്‌സൈറ്റ്‌മെന്റാണന്നും മിഥുന്‍ പറഞ്ഞു.

ആങ്കറിങ്ങിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു,

കോമഡി ഉത്സവത്തിന് മുമ്പ് വരെ ആങ്കറിങ് എന്നുപറഞ്ഞാല്‍ തര്‍ക്കുത്തരം ആണെന്നും അവരെ കളിയാക്കുക തിരിച്ച് കളിയാക്കുക എന്ന രീതിയായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ കോമഡി ഉത്സവം വന്നശേഷം ഇത് പ്രചോദനം കൊടുക്കേണ്ട വേദിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സ്റ്റേജില്‍ വരുന്നവരാരും എക്‌സ്പീരിയന്‍സ് ഉള്ളവരായിരുന്നില്ലെന്നും അവരെ കംഫര്‍ട്ടാക്കണമായിരുന്നെന്നും അദ്ദേഹം പറയുന്നു.

നെഗറ്റിവിറ്റിക്ക് ഇടയില്‍ പോസിറ്റീവ് കൊണ്ടുവരാന്‍ കോമഡി ഉത്സവത്തിന് സാധിച്ചെന്നും മിഥുന്‍ രമേഷ് കൂട്ടിച്ചേര്‍ത്തു. മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Midhun Ramesh talking about Mohanlal

We use cookies to give you the best possible experience. Learn more