ചെറുതെങ്കിലും ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ് കേരള ബോക്സ് ഓഫീസ്. കോളിവുഡിനെയും ടോളിവുഡിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ കുറഞ്ഞ സ്‌ക്രീനുകള്‍ മാത്രമാണ് കേരളത്തിലുള്ളതെങ്കിലും നല്ല ചിത്രങ്ങളെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. സമീപ കാലത്തിറങ്ങിയ വാഴ 2വും ഓഗസ്റ്റില്‍ റിലീസ് ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റും ഇതിന് തെളിവായിരുന്നു. വാഴ 2 129 കോടിയോളം കേരള ബോക്സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയപ്പോള്‍ 155 കോടിയായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ബെത്ലഹേം സ്വന്തമാക്കിയത്. ദിനംപ്രതി വളരുന്ന മാര്‍ക്കറ്റിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ രണ്ട് ചിത്രങ്ങളുടെയും ഗ്രോസ്.
ഈ ചിത്രങ്ങള്‍ക്ക് പുറമെ ഈ വര്‍ഷം പുറത്തിറങ്ങിയ ആട് 3, ഭരതനാട്യം 2 മോഹിനിയാട്ടം, പേട്രിയറ്റ്, തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രിയിലെ പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ച ചിത്രങ്ങള്‍ പോലും കളക്ഷനില്‍ ബുദ്ധിമുട്ടിയപ്പോഴായിരുന്നു മലയാള ചിത്രങ്ങള്‍ മികച്ച നേട്ടം സ്വന്തമാക്കിയത്.
ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: X.com
ഇപ്പോഴിതാ കേരള ബോക്‌സ് ഓഫീസിലുണ്ടായ മാറങ്ങളെ കുറിച്ചും ഇന്‍ഡസ്ട്രി ദിനംപ്രതി വളരുന്നതിനെ കുറിച്ചും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ടൈറ്റന്‍സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ മിഥുനാണ്.
‘കേരളത്തിലെ തിയേറ്ററുകളുടെ സമീപകാലത്തെ മാറ്റം സത്യം പറഞ്ഞാല്‍ അഭിനന്ദാര്‍ഹമാണ്. കാരണം ഒരുപാട് നല്ല തിയേറ്ററുകള്‍ വന്നു. ഇപ്പോള്‍ അതിരാവിലെ ഒരു ഷോ വെച്ചാല്‍ പോലും അതിന് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഓഡിയന്‍സ് ചിത്രം കാണാന്‍ എത്തുന്നുണ്ട്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഒരു പ്രശ്‌നമല്ലാത്തതും ഇതില്‍ പ്രധാനപ്പെട്ടതാണ്. മിഡില്‍ ക്ലാസിലുള്ളവര്‍ക്ക് പോലും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എളുപ്പമായതോടെ അകലെയുള്ള തിയേറ്ററുകളില്‍ പോയി ചിത്രം കണ്ടുവരാന്‍ സാധിക്കുന്നുണ്ട്.
നിലവാരമുള്ള തിയേറ്ററുകള്‍ ഉണ്ടാകുക എന്നത് മാന്‍ഡേറ്ററി ആയിക്കഴിഞ്ഞു. നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ ഒരു പത്ത് കിലോമീറ്റര്‍ അപ്പുറമുള്ള തിയേറ്ററിലേക്ക് ആളുകള്‍ പോകും. എല്ലായിടത്തും 4കെയും ഡോള്‍ബി അറ്റ്‌മോസും പ്രൊജക്ഷനും എല്ലാമായിട്ട് നല്ല രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
മിഥുന്‍ മാനുവല്‍ തോമസ്. Photo: Screen Grab/ Cue Studio/ Youtube.com
ഫിലിം മേക്കര്‍ എന്ന നിലയ്ക്ക് എനിക്കും ഭയങ്കര സന്തോഷമാണ്. നമ്മുടെ ബോക്‌സ് ഓഫീസും അതിനനുസരിച്ച് മാറിയിട്ടുണ്ട്. നല്ല തിയേറ്ററുകള്‍ വന്ന് കഴിഞ്ഞപ്പോള്‍ ആളുകള്‍ തിയേറ്ററിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ ബോക്‌സ് ഓഫീസ് തെലുങ്ക് പടത്തിന്റെ ലോക്കല്‍ ബോക്‌സ് ഓഫീസ് പോലെ ആയിട്ടുണ്ടെന്നാണ്. ബെത്‌ലഹേം കുടുംബ യൂണിറ്റ് എല്ലാം കളക്ട് ചെയ്തത് കണ്ടില്ലേ,’ മിഥുന്‍ പറഞ്ഞു.
Content Highlight: Midhun Manuel Thomas talks about kerala Box office