മലയാള സിനിമയില്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമാ ഫ്രാഞ്ചൈസികള്‍ ഒരുപാടുണ്ട്. സേതുരാമയ്യര്‍ സി.ബി.ഐയും, ഇന്‍ ഹരിഹര്‍ നഗറും, ദൃശ്യവും തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ഒട്ടനവധിയാണ്. ഇക്കൂട്ടത്തിലെ വമ്പനാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പിറന്ന ആട്. ആദ്യ ഭാഗം പരാജയമായിട്ടും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗം നിര്‍മിക്കാന്‍ സംവിധായകനെയും നിര്‍മാതാവിനെയും പ്രേരിപ്പിക്കുകയായിരുന്നു.
ആട്. Photo: IMDB
തുടര്‍ന്ന് 2017 ല്‍ പുറത്തുവന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ ആവേശത്തോടെ പ്രേക്ഷകര്‍ സ്വീകരിക്കുകയും തിയേറ്ററില്‍ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ജയസൂര്യ, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഇന്ദ്രന്‍സ് തുടങ്ങിയവരുടെ പ്രകടനവും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനവും വലുതായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം മാര്‍ച്ച് 19 ന് തിയേറ്ററിലെത്തുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ കാണുക എന്നതിലുപരി എന്തെല്ലാം പുതുമകളായിരിക്കും സംവിധായകന്‍ ചിത്രത്തിലൊളിപ്പിച്ചത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ ഫ്രൈഡേ ഫിലിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആട് 3യില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംവിധായകന്‍ നല്‍കുന്ന സൂചനകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
‘ആട് 2 ഇറങ്ങിയപ്പോള്‍ പലരും ആട് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന് ചിത്രത്തെ വിളിച്ചിരുന്നു. അങ്ങനെയാണ് മൂന്നാംഭാഗത്തില്‍ രണ്ട് യൂണിവേഴ്‌സ് എന്ന ചിന്ത വന്നത്. മൂന്നാം ഭാഗത്തില്‍ ഒരു പുതിയ ടൈം ലൈന്‍ കൂടി തുറക്കുകയാണ്. ആദ്യമുണ്ടായിരുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ കഥാപാത്രങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. നിങ്ങള്‍ കണ്ട ഒരാടും അതിന് കൂട്ടായിട്ട് മറ്റൊരാടും വരുന്നുണ്ട്.
സാധാരണ സ്ലാപ് സ്റ്റിക്ക് കോമഡിയില്‍ നിന്നും ഒരു ഫാന്റസി ചിത്രത്തിലേക്ക് ആട് 3 മാറുന്നുണ്ട്. പക്ഷേ ഇത് സീരിയസ് ആയിട്ടല്ല, കോമഡിയോട് കൂടെ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ആദ്യഭാഗത്തില്‍ നമ്മള്‍ പെട്ടിയിലടച്ചുവെച്ച ഒരു നീലക്കൊടുവേലിക്ക് പിന്നാലെ ഓടി, രണ്ടാം ഭാഗത്തില്‍ ഒരു പെട്ടിയിലടച്ചുവെച്ച കമ്മട്ടത്തിന് പിറകെ ഓടി, ഇതിലും അങ്ങനെയൊന്നിന്റെ പിറകെ ഓടുന്നുണ്ട് പക്ഷേ രണ്ട് ടൈം ലൈലിലൂടെയാണ് ഓടിയത്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
ആട് 3. Photo: Kerala TV
ഷാജി പാപ്പനും കൂട്ടരും മറ്റ് പ്രധാനകഥാപാത്രങ്ങളുമെല്ലാം രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ധുരന്ധറിന്റെ രണ്ടാം ഭാഗവും ചിത്രത്തിന് ക്ലാഷായി മാര്‍ച്ച് 19 നാണ് റിലീസിനൊരുങ്ങുന്നത്. നേരത്തേ ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക്ക് മാര്‍ച്ച് 19 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധം കാരണം മാറ്റിവെക്കുകയായിരുന്നു. ഇത് ആടിന് ഗുണകരമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Midhun Manuel Thomas talks about his new movie AAdu 3
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ