| Sunday, 22nd March 2026, 5:00 pm

ഞാന്‍ മതിമറന്ന് സന്തോഷിക്കാറില്ല; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മലയാള സിനിമ ഒരുപാട് മാറി: മിഥുന്‍ മാനുവല്‍ തോമസ്

ഐറിന്‍ മരിയ ആന്റണി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന സിനിമയുടെ തിരക്കഥ രചിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന വ്യക്തിയാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട് ആണ്, മിഥുന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം. പിന്നീട് ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ അദ്ദേഹം പ്രേക്ഷ ശ്രദ്ധ നേടി.

പരാജയപ്പെട്ട ആദ്യ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്ത് ബ്ലോക്ക് ബസ്റ്ററാക്കി എന്ന അപൂര്‍വ നേട്ടവും മിഥുന്‍ തന്റെ പേരിലാക്കിയിരുന്നു. പിന്നീട് അഞ്ചാം പാതിര ഉള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത മിഥുന്റെ ആട് 3 തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മാറ്റത്തിന്റെ പാതയിലാണ് താനുള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ എന്ന് മിഥുന്‍ പറയുന്നു.

‘ഒറിജിനല്‍ എന്നൊരു സൃഷ്ടിയില്‍ വിശ്വസിക്കുന്ന ആളല്ല ഞാന്‍, അങ്ങനെയുള്ളവരുണ്ടാവാം. ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ബോധപൂര്‍വമായും അല്ലാതെയും എന്റെ സിനിമകളെ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മാറ്റങ്ങള്‍ക്കൊപ്പമാണ് താനുള്‍പ്പെടെയുള്ള പുതിയ കാല സിനിമാപ്രവര്‍ത്തകര്‍ സഞ്ചരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മലയാള സിനിമ ഒരുപാട് മാറി. ആഗോളപരമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി, മാര്‍ക്കറ്റ് വലുതായി, വലിയ റിലീസുകള്‍ വന്നു. ഞാന്‍ വളരെ ആഗ്രഹിച്ച മാറ്റമാണിത്. ആ മാറ്റം എന്റേതായ രീതിയില്‍ ആട് 3ല്‍ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്. ആട് രണ്ടും ആട് മൂന്നും വിജയിച്ചപ്പോള്‍ ആദ്യം ആശ്വാസമാണ് തോന്നിയത് പിന്നീടാണ് അതു സന്തോഷത്തിലേക്ക് മാറുന്നത്,’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.

ആ സന്തോഷം അടുത്തൊരു സിനിമയുടെ എഴുത്തിലേക്കോ ഷൂട്ടിങ്ങിലേക്കോ കയറുന്നതുവരെ ഉണ്ടാവുമെന്നും ഒന്നിലും മതിമറന്നു താന്‍ സന്തോഷിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആടിന്റെ ആദ്യ പാര്‍ട്ട് തിയേറ്ററില്‍ വിജയമാവാതെ പോകുകയും പിന്നീട് കള്‍ട്ടായി മാറുകയും ചെയ്തത് തന്നിലെ സംവിധായകനെ കൂടുതല്‍ പക്വതയുള്ള ആളാക്കിയെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആട് 3 തിയേറ്ററില്‍ വന്‍കുതിപ്പ് തുടരുകയാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ 50 കോടി കളക്ഷന്‍ നേടി.

Content Highlight: Midhun Manuel Thomas says Malayalam cinema is halfway through a transformation

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more