സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആട് 3. സര്‍വ്വം മായക്ക് ശേഷം ഉറങ്ങിക്കിടക്കുന്ന തിയേറ്ററുകളെ ആവേശത്തിലേക്കുയര്‍ത്താന്‍ ആടിന്റെ മൂന്നാം ഭാഗത്തിന് സാധിക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായി പരാജയപ്പെട്ട ഒരു സിനിമയുടെ മൂന്നാം ഭാഗം തിയേറ്ററിലെത്തുന്നതും പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
ആദ്യത്തെ രണ്ട് ഭാഗങ്ങളെക്കാള്‍ വലിയ ബജറ്റിലാണ് ഷാജി പാപ്പന്റെ പുതിയ എന്‍ട്രി. രണ്ട് കാലഘട്ടങ്ങളിലായാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലറും മറ്റ് അപ്‌ഡേറ്റുകളും ഉറപ്പ് നല്‍കുന്നു. ടൈം ട്രാവല്‍ ഴോണറിലേക്ക് കോമഡി മിക്‌സ് ചെയ്തുകൊണ്ടാണ് മിഥുന്‍ ആട് 3 ഒരുക്കുന്നതെന്നാണ് റൂമറുകള്‍. ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്.
മിഥുന്‍ മാനുവല്‍ തോമസ് Photo: Screen grab/ Friday Film House
ആട് 3യെക്കുറിച്ച് ഒരുപാട് കേട്ട റൂമറുകളിലൊന്നായിരുന്നു നിഖില വിമല്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു എന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇത് വലിയ വാര്‍ത്തയായിരുന്നു. നിഖിലയോട് ഇക്കാര്യം ചോദിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ നിഖിലയുടെ ഐറ്റം ഡാന്‍സ് ആട് 3യില്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
‘ഒരു സുപ്രഭാതത്തില്‍ ഫോണെടുത്ത് നോക്കിയപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ നിഖില ആട് 3യില്‍ ഐറ്റം ഡാന്‍സ് ഉണ്ടെന്ന് പലരും വാര്‍ത്ത കൊടുത്തിരിക്കുന്നു. ആരാണ് ഇത് പറഞ്ഞുണ്ടാക്കിയത് എന്നൊന്നും ഒരു പിടിയുമില്ല. എല്ലാവരും ഇത് തന്നെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ആ സമയത്ത് മറ്റ് ചില തിരക്കുകള്‍ കാരണം ഈ വാര്‍ത്തകള്‍ക്കൊന്നും മറുപടി കൊടുക്കാന്‍ പോയില്ല.
നിഖിലയുടെ ഐറ്റം ഡാന്‍സ് ആട് 3യില്‍ ഇല്ല. അവര്‍ ഈ സിനിമയുടെ ഭാഗമല്ല. പക്ഷേ, വേറൊരു നടിയെ ഡാന്‍സിന് വേണ്ടി മാത്രം കൊണ്ടുവന്നിട്ടിട്ടുണ്ട്. അതിനെ ഐറ്റം ഡാന്‍സെന്ന് വിളിക്കാനാകില്ല. ആടിന്റെ സ്റ്റൈലില്‍ ഒരു ഡാന്‍സുണ്ടല്ലോ. അങ്ങനെയുള്ള ഒന്നാണ് ഈ പടത്തില്‍. അത്ര വലിയ സര്‍പ്രൈസൊന്നുമല്ല. ആ ഡാന്‍സിന് കൊണ്ടുവരുന്നത് വേദികയെയാണ്,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.
ആദ്യ രണ്ട് ഭാഗത്തിലെ കഥാപാത്രങ്ങളെല്ലാം മൂന്നാം ഭാഗത്തിലുമുണ്ട്. ഴോണര്‍ മാറ്റമെന്നതുകൊണ്ട് ടൈം ട്രാവലാണോ അതോ വല്ല സര്‍പ്രൈസുമാണോ എന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാകും ആട് 3യും അവസാനിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ബോക്‌സ് ഓഫീസില്‍ ഷാജി പാപ്പന്റെ താണ്ഡവത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.
Content Highlight: Midhun Manuel Thomas saying Nikhila Vimal didn’t play item dance in Aadu 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ