ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്തായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചയാളാണ് മിഥുന്‍ മാനുവല്‍ തോമസ്. തൊട്ടടുത്ത വര്‍ഷം ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലൂടെ സംവിധായകനായി മിഥുന്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യവരവില്‍ മിഥുന് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. തിയേറ്ററിന് പുറത്ത് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒരുക്കി ആടിനെ മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചൈസിയാക്കി മിഥുന്‍ മാറ്റുകയായിരുന്നു.
ആന്‍മരിയ കലിപ്പിലാണ്, അഞ്ചാം പാതിര, അബ്രഹാം ഓസ്ലര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും മിഥുന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയവയാണ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ നിന്നും മാറി നിര്‍മാതാവായി മിഥുന്‍ എത്തുന്ന ചിത്രമാണ് നാളെ(വ്യാഴം) പുറത്തിറങ്ങാനിരിക്കുന്ന ടൈറ്റന്‍സ്.
മിഥുന്‍ മാനുവല്‍ തോമസ്
ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമയിലേക്കെത്തുന്നതിന് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളെ കുറിച്ചും തന്റെ സുഹൃത്തുക്കളെ കുറിച്ചും മിഥുന്‍ സംസാരിക്കുകയാണ്.
‘ ഞാന്‍, ജെയിംസ്, റോബിന്‍, ജോണ്‍ തുടങ്ങി ഞങ്ങള്‍ നാല് പേര്‍ക്കായിരുന്നു നാട്ടില്‍ സിനിമയോട് താത്പര്യമുണ്ടായിരുന്നത്. ഞാന്‍ സിനിമയ്ക്ക് പോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഇവര്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് കാര്യം മനസിലായത്. ബാക്കിയെല്ലാവരും നമ്മളെ പുച്ഛിക്കുമല്ലോ. അങ്ങനെ ഞാന്‍ സിനിമയിലേക്ക് വന്നു. പിന്നെ ജോണ്‍ വന്നു. പിന്നാലെ ജെയിംസ് അസോസിയേറ്റായിട്ട് എത്തി, അത് കഴിഞ്ഞ് റോബിന്‍ റൈറ്ററായും എത്തി. അന്ന് സിനിമ തുടങ്ങിയ നാല് പേരും ഏകദേശം എത്തി.
ടൈറ്റന്‍സ്. Photo: X.com
അതില്‍ ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് പറഞ്ഞാല്‍ വര്‍ഷങ്ങളായിട്ട് സിനിമ ആത്മാര്‍ത്ഥമായി സ്വപ്‌നം കണ്ട സുഹൃത്ത് ആദ്യമായി എഴുതുന്ന സിനിമ (ടൈറ്റന്‍സ്) പ്രൊഡ്യൂസ് ചെയ്യാന്‍ എനിക്ക് സാധിച്ചു എന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ ഇവരുടെ ഒപ്പമായിരിക്കും താമസിക്കുന്നത്. കടക്കെണിയില്‍ പെട്ട് ഒളിച്ചുതാമസിക്കുമ്പോള്‍ ആ റൂമാണ് അഭയം. അന്ന് സിനിമയ്ക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു സിനിമ ഇറങ്ങുമെടാ എന്ന് ഞാന്‍ പറയുമായിരുന്നു. സത്യം പറഞ്ഞാല്‍ ഇറങ്ങുമോ ഇല്ലയോ എന്ന് അറിയില്ല. ഫിലിം ഇന്‍ഡസ്ട്രിയിലെ ആരെയും അറിയില്ല. പക്ഷേ ആ യാത്ര ഇന്ന് ഇവിടെ വരെ എത്തി നില്‍ക്കുന്നു,’ മിഥുന്‍ പറഞ്ഞു.
Content Highlight: Midhun Manuel Thoma stalks about his initial stage of the career