ലണ്ടന്‍: ഗസയില്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരെ ഇസ്രഈല്‍ കൊലപ്പെടുത്തുന്നതില്‍ ആശങ്ക അറിയിച്ച് സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമമായ ‘മിഡില്‍ ഈസ്റ്റ് ഐ (എം.ഇ.ഇ)’. എംഇഇക്കായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം ഗസയിലെ ഖാന്‍ യുനുസിലെ നസര്‍ ഹോസ്പിറ്റലില്‍ വെച്ച് കൊല്ലപ്പെട്ടത്.
എം.ഇ.ഇ.യ്ക്കായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് സലാമയും അഹ്‌മദ് അബു അസിസും ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായിരുന്ന മറിയം ദഗ്ഗയുമാണ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. ഇതിനുപുറമെ, ഫലസ്തീന്‍ പൗരന്മാരുള്‍പ്പടെ 20 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് ഇസ്രഈല്‍ ആക്രമണമുണ്ടായത്.
ഇസ്രഈലിന് മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ ചീഫ് എഡിറ്റര്‍ ഡേവിഡ് ഹെര്‍സ്റ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ പല റിപ്പോര്‍ട്ടുകളും ഇസ്രഈല്‍ അധികൃതര്‍ക്ക് എതിരെയുള്ളതായിരുന്നു. അവരെ അങ്ങേയറ്റം നാണക്കേടിലാഴ്ത്തുന്നതായിരുന്നു പല റിപ്പോര്‍ട്ടുകളും. ഇതായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹെര്‍സ്റ്റിന്റെ കത്തില്‍ ആരോപിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച് വ്യക്തമായ ധാരണ തങ്ങള്‍ക്കുണ്ട്. ഈ മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകളെല്ലാം ഇസ്രഈല്‍ അധികൃതര്‍ നിരീക്ഷിച്ചിരുന്നു.
തുടര്‍ന്ന് ഇസ്രഈല്‍, മാധ്യമപ്രവര്‍ത്തകര്‍ തങ്ങിയ സ്ഥലം കണ്ടെത്തുകയും ഇവരെ കൃത്യമായി തിരിച്ചറിയുകയും ചെയ്തു. പിന്നീട് നടത്തിയ ആസൂത്രിതമായ ആക്രമണമാണ് മാധ്യമപ്രവര്‍ത്തകരുടെ വധത്തിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നു.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാകുമെന്ന് കരുതിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും ഹെര്‍സ്റ്റ് പറയുന്നുണ്ട്.
മുഹമ്മദ് സലാമ തന്റെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ക്കായി ആശ്രയിച്ചിരുന്നവരെ, ഗസയിലെ എയ്ഡ് സെന്ററുകളിലെ യു.എസിന്റെ കരാര്‍ ജോലിക്കാര്‍ ചോദ്യം ചെയ്തിരുന്നെന്ന് എംഇഇ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സലാമയുടെ വാസസ്ഥലമുള്‍പ്പടെയുള്ള വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചതായാണ് വിവരം. ഇതും സലാമയുടെ മരണത്തില്‍ ഇസ്രഈലിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ്.
ഇസ്രഈല്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് തടയണമെന്നും വിഷയത്തില്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്രഈലിനെതിരെ അന്വേഷണം നടത്തണമെന്നും ഡേവിഡ് ഹെര്‍സ്റ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
ഗസയില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ഡ്രോണുകളില്‍ നിന്നും ബ്രിട്ടന് ലഭിച്ചോയെന്ന് ഹെര്‍സ്റ്റ് കത്തിലൂടെ ചോദിക്കുന്നു. അല്ലെങ്കില്‍, അത്തരം തെളിവുകള്‍ ബ്രിട്ടന്റെ കൈവശമുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രമിനല്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമോ എന്നും ഹെര്‍സ്റ്റ് ചോദിക്കുന്നുണ്ട്.
ഇസ്രഈലിന് രൂപം നല്‍കുന്നതിന് മുന്‍പന്തിയില്‍ നിന്ന രാജ്യമെന്ന നിലയിലാണ് ബ്രിട്ടനോട് താന്‍ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് ഹെര്‍സ്റ്റ് വിശദീകരിച്ചു. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിക്ക് കാരണക്കാരായ ഇസ്രഈലിനെ തിരുത്താത്ത ബ്രിട്ടീഷ് നയത്തേയും ഹെര്‍സ്റ്റ് ചോദ്യം ചെയ്യുന്നുണ്ട്.
ആഗസ്റ്റ് 10ന് ഗസയില്‍ നടന്ന ഇസ്രഈല്‍ ആക്രമണത്തില്‍ 6 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബ്രിട്ടന്റെ ചാര വിമാനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും ഹെര്‍സ്റ്റ് ചോദിക്കുന്നു. ഗസയില്‍ ഇസ്രഈല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ 246ഓളം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പട്ടതെന്നും ഹെര്‍സ്റ്റ് ചൂണ്ടിക്കാട്ടി.
Content Highlight: This is planned, our news embarrassed Israel; Middle East Eye writes to British Prime Minister