ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ ജാതിയുടെ പേരിലുള്ള മാറ്റിനിര്‍ത്തലുകളും വിവേചനവും കേരളത്തിലില്ലെന്ന് അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍. എന്നാല്‍ ഒളിഞ്ഞും തെളിഞ്ഞും പലരുടെയും ഉള്ളിലുള്ള ജാതിവെറി ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മിഡില്‍ ക്ലാസ് മാത്തുകുട്ടി എന്ന ചിത്രത്തിന്റെ പൂജാസമയത്ത് വൈറലായ വീഡിയോയില്‍ തൊട്ടുകൂടായ്മ എടുത്തുകാണാന്‍ സാധിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. സ്‌ക്രിപ്റ്റ് പൂജിച്ച പൂജാരി അണിയറപ്രവര്‍ത്തകരുടെ കൈയിലേക്ക് സ്‌ക്രിപ്റ്റ് എറിഞ്ഞുകൊടുക്കുകയാണ്. ഇത് തൊട്ടുകൂടായ്മയുടെ വലിയ തെളിവാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.
പൂജാരിയുടെ ഈ പ്രവൃത്തിയുടെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രാഹ്‌മണരുടെ ഉള്ളില്‍ ഇപ്പോഴും തൊട്ടുകൂടായ്മയുടെ ചിന്തകളുള്ളതിന്റെ തെളിവാണ് ഈ വീഡിയോയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാലം മാറിയതറിയാതെയാണ് ഇത്തരം ആചാരങ്ങള്‍ പിന്തുടരുന്നതെന്നും കമന്റുകളുണ്ട്.
‘ആളുകളെ തൊടാന്‍ പാടില്ല, പക്ഷേ, അവര്‍ കൊടുക്കുന്ന പൈസക്ക് അയിത്തമില്ല’, ‘ഇതും സനാതന ധര്‍മത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു’, ‘പൂജാരിയുടെ തെറ്റല്ല, ദൈവത്തിലേക്കുള്ള പാലമാണ് ഇയാളെന്ന് ചിന്തിക്കുന്ന ഭക്തരെ വേണം ആദ്യം കുറ്റപ്പെടുത്താന്‍,’ ‘സനാതന ധര്‍മമല്ല, സനാതന അധര്‍മമാണിത്,’ എന്നിങ്ങനെയാണ് പല കമന്റുകളും.
എന്നാല്‍ പൂജാരിയുടെ പ്രവൃത്തിയെ ന്യായീകരിച്ചും നിരവധി കമന്റുകളുണ്ട്. ‘അയാള്‍ പാലിച്ചത് തൊട്ടുകൂടായ്മയല്ല, അത് കാലങ്ങളായി പിന്തുടരുന്ന ആചാരമാണ്’, ‘അമ്പലത്തില്‍ പൂജക്ക് കയറുമ്പോള്‍ ആരെയും തൊടാന്‍ പാടില്ലെന്നാണ് ആചാരം’, ‘ആള്‍ക്കൂട്ടത്തില്‍ പലരും കുളിക്കാതെയും നോണ്‍ വെജ് കഴിച്ചിട്ടുമൊക്കെയാകും അമ്പലത്തില്‍ വന്നിട്ടുണ്ടാവുക. അതുകൊണ്ടാണ് ആരെയും തൊടാത്തത്,’ എന്നിങ്ങനെയാണ് കമന്റുകള്‍.
പൂജാരി സ്‌ക്രിപ്റ്റ് കൈയിലേക്ക് എറിയുന്ന സമയത്ത് ചുറ്റും നിന്ന പലരുടെയും മുഖത്ത് നീരസം കാണാനാകുന്നുണ്ട്. എന്നിട്ടും ചെറിയ ചിരിയിലാണ് അവരെല്ലാം ഒതുക്കുന്നതെന്നും വീഡിയോയില്‍ കാണാന്‍ സാധിക്കും. കഴിഞ്ഞവര്‍ഷം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പലരിലേക്കും എത്തുന്നത്. എന്നാല്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.
Content Highlight: Middle Class Mathukutti movie pooja video viral