| Monday, 27th April 2026, 6:29 pm

ഇസ്രഈല്‍ പേരുകള്‍ ഒഴിവാക്കി ഫലസ്തീനിയന്‍ പദങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പുമായി മൈക്രോസോഫ്റ്റ്

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: തങ്ങളുടെ ഡിജിറ്റല്‍ മാപ്പുകളില്‍ സുപ്രധാനമായ മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ് അധിനിവേശ വെസ്റ്റ് ബാങ്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഇസ്രഈലി പേരുകള്‍ ഒഴിവാക്കി ഫലസ്തീനിയന്‍ ഭൂമിശാസ്ത്ര പദങ്ങള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

ബിങ് സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷന്‍ സേവനങ്ങളില്‍ മുമ്പ് ‘ജൂഡിയ ആന്‍ഡ് സമേറിയ, ഇസ്രായേല്‍’ (Judea and Samaria, Israel) എന്ന് അടയാളപ്പെടുത്തിയിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ ‘വെസ്റ്റ് ബാങ്ക്’ (West Bank) എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്.

അറബ് സെന്റര്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സോഷ്യല്‍ മീഡിയ (7amleh) എന്ന ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പാണ് തിങ്കളാഴ്ച (2026 ഏപ്രില്‍ 27) ഈ വിവരം പുറത്തുവിട്ടത്.

‘ജൂഡിയ ആന്‍ഡ് സമേറിയ’ എന്നത് അധിനിവേശ വെസ്റ്റ് ബാങ്കിനെ വിശേഷിപ്പിക്കാന്‍ ഇസ്രഈല്‍ ഉപയോഗിക്കുന്ന പദമാണ്.

എന്നാല്‍ അന്താരാഷ്ട്ര നിയമപ്രകാരം, കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് പ്രദേശം ഫലസ്തീന്റെ ഭൂമിയാണെന്നും, അവിടെ ഇസ്രഈല്‍ അധിനിവേശം നടത്തിയതുമാണ്. ടു സ്റ്റേറ്റ്‌സ് സൊല്യൂഷന്റെ അടിസ്ഥാനത്തില്‍ ഇത് ഭാവിയില്‍ രൂപീകരിക്കപ്പെടാനിരിക്കുന്ന ഫലസ്തീന്‍ രാജ്യത്തിന്റെ പ്രധാന ഭാഗവുമാണ്.

ബിങ് മാപ്പില്‍ നടത്തിയ പരിശോധനയില്‍ വെസ്റ്റ് ബാങ്ക് എന്ന പേര് മൈക്രോസോഫ്റ്റ് ഔദ്യോഗികമായി സ്വീകരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ മാറ്റത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

‘ഈ മാറ്റം പലസ്തീന്‍ ഭൂമിശാസ്ത്രപരമായ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിലെ അനിവാര്യമായ ഒരു തിരുത്തലാണ്. ഫലസ്തീനിയന്‍ ഭൂമിശാസ്ത്രത്തെ ഡിജിറ്റല്‍ ലോകത്തുനിന്ന് മായ്ച്ചു കളയുന്നതിന് കൂട്ടുനില്‍ക്കാതെ, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സാങ്കേതികവിദ്യാ കമ്പനികളും തയ്യാറാകണം,’ എന്നായിരുന്നു 7amlehയുടെ അഡ്വക്കസി മാനേജരായ ലാമ നസീഹ് പറഞ്ഞത്.

സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ ഭൂപടങ്ങളും ഭൂമിശാസ്ത്രപരമായ ഡാറ്റയും പ്രദര്‍ശിപ്പിക്കുന്നതില്‍ ഗ്ലോബല്‍ ടെക് കമ്പനികള്‍ പുലര്‍ത്തേണ്ട നിലപാടുകളെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.

2024 ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍, ഫലസ്തീന്‍ ഭൂമിയിലെ ഇസ്രഈലിന്റെ അധിനിവേശം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും എല്ലാ കുടിയേറ്റ കേന്ദ്രങ്ങളും ഒഴിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഭരണകൂടത്തിന്റെ അനുവാദത്തോടെ ഇസ്രഈലികള്‍ നടത്തുന്ന കുടിയേറ്റവും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും യു.എന്‍ പ്രമേയങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്നത്തിന് തിരിച്ചടിയാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ മാറ്റം.

Content highlight: Microsoft releases map that removes Israeli names and includes Palestinian words

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more