വാഷിങ്ടണ്‍: യു.എ.ഇയിലേക്ക് പതിനായിരക്കണക്കിന് എ.ഐ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിന് മൈക്രോസോഫ്റ്റിന് അനുമതി. കയറ്റുമതിയ്ക്ക് യു.എസ് സര്‍ക്കാരിന്റെ ലൈസന്‍സ് ലഭിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു.
ഏകദേശം 60,400 ചിപ്പുകള്‍ കയറ്റുമതി ചെയ്യാനാണ് മൈക്രോസോഫ്റ്റിന് ലൈസന്‍സ് ലഭിച്ചത്. ഇതുപ്രകാരം ഗള്‍ഫ് രാജ്യങ്ങളിലേക്ക് നൂതന എന്‍വിഡിയ എ.ഐ ചിപ്പുകള്‍ കയറ്റിയയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡാറ്റാ സെന്ററുകളിലെ എ.ഐ, മെഷീന്‍ ലേണിങ്, അനലിറ്റിക്‌സ് എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റാണ് എ100. ഭാവിയില്‍ എന്‍വിഡിയയുടെ ജി.ബി300 ഉം യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതി ലഭിക്കുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലെ ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, മറ്റ് എ.ഐ പ്രോജക്റ്റുകള്‍ എന്നിവയ്ക്കായി 7.9 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഇത് തങ്ങളുടെ സ്ഥാപനം യു.എ.ഇയില്‍ ചെലവഴിക്കുന്ന പണമാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കി.
‘2026ന്റെ തുടക്കം മുതല്‍ 2029 അവസാനം വരെ മൈക്രോസോഫ്റ്റ് യു.എ.ഇയില്‍ 7.9 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കും. മൂലധനത്തിനുള്ള ചെലവുകളും പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു,’ ബ്രാഡ് സ്മിത്ത് പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു എ100 ചിപ്പിന് 9,000 ഡോളറില്‍ അധികം വിലവരും. പ്രധാനമായും തായ്‌വാനിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. നിലവില്‍ അരിസോണ ഉള്‍പ്പെടെയുള്ള സ്റ്റേറ്റുകളിലും ഉത്പാദനം വ്യാപകമാക്കിയിട്ടുണ്ട്.
ചിപ്പ് കയറ്റുമതി ചെയ്യാന്‍ മൈക്രോസോഫ്റ്റിന് അനുമതി ലഭിച്ചതോടെ യു.എസും യു.എ.ഇയും തമ്മിലുള്ള കരാര്‍ നടപ്പിലായിരിക്കുകയാണ്. കരാര്‍ പ്രകാരം പ്രതിവര്‍ഷം 500,000 ചിപ്പുകള്‍ യു.എസ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യേണ്ടതുണ്ട്.
ഇതില്‍ 400,000 ഉം യു.എ.ഇയിലെ യു.എസ് സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റ സെന്ററുകളിലേക്കും എ.ഐ പ്രൊജക്റ്റുകളിലേക്കുമായിരിക്കും. ബാക്കിയുള്ള 100,000 ചിപ്പുകള്‍ ഷെയ്ഖ് തഹ്നൂണിന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എ.ഐ സ്ഥാപനമായ ജി-42നായിരിക്കും കൈമാറുക.
Content Highlight: Microsoft gets Trump government approval to export AI chips to UAE