| Monday, 27th July 2026, 1:30 pm

മൈക്രോ പ്ലാറ്റ് ഫണ്ട് കിട്ടിയില്ല; പ്രതിഷേധവുമായി മുണ്ടകൈ- ചൂരല്‍മല ദുരന്തബാധിതര്‍

നിഷാന. വി.വി

സുല്‍ത്താന്‍ബത്തേരി: മൈക്രോ പ്ലാന്റ് ഫണ്ട് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി മുണ്ടകൈ- ചൂരല്‍മല ദുരന്ത ബാധിതര്‍. രണ്ടര ലക്ഷത്തോളം രൂപ സംരഭങ്ങള്‍ക്കായി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തുക ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് ദുരന്ത ബാധിതര്‍ പറയുന്നത്.

കുടുംബശ്രീയുടെ മിഷന്‍ ഓഫീസിലാണ് ദുരന്ത ബാധിതര്‍ സമരം ചെയ്യുന്നത്. ഭാഗികമായി കിട്ടിയവരും തീരെ കിട്ടാത്തവരുമുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

‘ഓഫീസില്‍ കയറി ഇറങ്ങി മടുത്തു. നാളെ വരൂ മറ്റന്നാള്‍ വരൂ, ചര്‍ച്ചകള്‍ നടത്തുകയാണ് എന്നൊക്കെയാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നത്,’ പ്രതിഷേധക്കാരില്‍ ഓരാള്‍ പറഞ്ഞു.

സര്‍ക്കാര്‍ മാറിയിട്ടുണ്ടെന്നും അടുത്ത മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ടൗണ്‍ഷിപ്പില്‍ വീടുകള്‍ നിര്‍മിച്ചെങ്കിലും ഉപജീവനത്തിനായി ഒരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും ഫണ്ട് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

എന്നാല്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഗവണ്‍മെന്റിന് പ്രോപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ഓരോരുത്തര്‍ക്കും രണ്ടര ലക്ഷം രൂപ വീതം നല്‍കുമെന്ന് പഴയ ഗവണ്‍മെന്റ് ഉത്തരവിലില്ലെന്നും ഉപജീവന മാര്‍ഗമനുസരിച്ചാണ് ഫണ്ട് നല്‍കുകയെന്നുമാണ് ഉത്തരവിലുള്ളതെന്നും കുടുംബശ്രീ മിഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Content Highlight: Micro-plot funds not received; Mundakkai-Chooralmala disaster survivors stage protest.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more