ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റാര്‍ക്കിന് ഐ.പി.എല്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയിരിക്കുകയാണ്. മെയ് ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ താരം ദല്‍ഹിക്കായി കളത്തിലിറങ്ങുമെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഷസ് പരമ്പരക്ക് ശേഷം നടന്ന ബിഗ് ബാഷ് ലീഗിലായിരുന്നു സ്റ്റാര്‍ക്ക് അവസാനമായി കളിച്ചിരുന്നത്. ബിഗ് ബാഷ് ലീഗില്‍ കളിക്കുമ്പോഴാണ് സ്റ്റാര്‍ക്കിന് പരിക്കേറ്റത്. സിഡ്നി സിക്‌സേഴ്‌സ് താരമായ സ്റ്റാര്‍ക്കിന് പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയാണ് പരിക്കേറ്റത്. ഇപ്പോള്‍ താരത്തിന്റെ മടങ്ങിവരവ് ടീമിന് കൂടുതല്‍ കരുത്തുപകരുമെന്നുറപ്പാണ്.
കഴിഞ്ഞ സീസണില്‍ ക്യാപ്പിറ്റല്‍സിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് നേടിയത്. ഈ സീസണ്‍ നിലവില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയുടെ മുന്നേറ്റത്തില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം നിര്‍ണായകമാകും.
മുകേഷ് കുമാര്‍, ലുങ്കി എന്‍ഗിടി, ടി. നടരാജന്‍ തുടങ്ങിയ മിന്നും ഫോമില്‍ കളിക്കുന്ന പേസര്‍മാര്‍ക്കിടയിലേക്ക് സ്റ്റാര്‍ക്ക് കൂടിയെത്തുമ്പോള്‍ ദല്‍ഹി പേസ് നിര സമ്പന്നമാവും. ഇതുവരെ ഐ.പി.എല്ലില്‍ 52 മത്സരങ്ങള്‍ കളിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് 65 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 5/35 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്.
അതേസമയം സ്റ്റാര്‍ക്ക് വരുന്നതിന് മുമ്പായി ദല്‍ഹിക്ക് രണ്ട് മത്സരങ്ങളാണ് കളിക്കേണ്ടത്. ഏപ്രില്‍ 25ന് ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ മുന്നേറുന്ന പഞ്ചാബ് കിങ്‌സിനെതിരെയാണ് ആദ്യ മത്സരം. ഏപ്രില്‍ 27ന് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനേയും ദല്‍ഹി നേരിടും.
നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അക്സര്‍ പട്ടേലും സംഘവും. ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് വീതം ജയവും തോല്‍വിയുമായി ആറ് പോയിന്റാണ് ദല്‍ഹിക്കുള്ളത്.
Content Highlight: Michell Starc set to Back Delhi Capitals in IPL 2026