| Saturday, 16th May 2026, 10:18 am

സെഞ്ച്വറി പോയാലും ഗെയ്ലിനൊപ്പം; 27 ഇന്നിങ്‌സില്‍ ഒന്നാമനായി മിച്ചല്‍ മാര്‍ഷ്

Sudev A

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെടുത്തിയിരുന്നു. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്‌നൗ ചെന്നൈയെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ലഖ്‌നൗവിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് ഓസീസ് താരം മിച്ചല്‍ മാര്‍ഷാണ്. 38 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 90 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ റണ്‍ ഔട്ട് ആകുകയായിരുന്നു മാര്‍ഷ്. സെഞ്ച്വറിക്ക് 10 റണ്‍സകലെയാണ് മാര്‍ഷ് പുറത്തായത്.

മാര്‍ഷ് 90 റണ്‍സ് നേടി നില്‍ക്കെ മുകേഷ് ചൗധരി നിക്കോളാസ് പൂരനെതിരെ എറിഞ്ഞ പന്ത് താരം സ്ട്രൈറ്റ് ഡ്രൈവ് ചെയ്തപ്പോള്‍ ചൗദരിയുടെ കൈ തട്ടി നോണ്‍ സ്ട്രൈക്ക് സ്റ്റംപില്‍ തട്ടുകയായിരുന്നു. ക്രീസിന് പുറത്ത് പോയ മാര്‍ഷ് റണ്‍ ഔട്ട് ആവുകയായിരുന്നു.

സെഞ്ച്വറി നഷ്ടമായെങ്കിലും ഈ വെടിക്കെട്ട് ഇന്നിങ്സോടെ ഐ.പി.എല്ലില്‍ ആദ്യ 27 ഇന്നിങ്സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഓപ്പണറായും മിച്ചല്‍ മാര്‍ഷ് മാറി. 70 സിക്‌സുകളാണ് മാര്‍ഷ് ഇത്രയും ഇന്നിങ്സില്‍ നിന്നും അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗെയ്ലിനൊപ്പമാണ് മാര്‍ഷ്.

ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് കാര്‍ത്തിക് ശര്‍മയാണ്. 42 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. കാര്‍ത്തിക്കിന് പുറമെ അവസാന ഘട്ടത്തില്‍ ചെന്നൈയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ശിവം ദുബെയാണ്. 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 32 റണ്‍സാണ് ശിവം നേടിയത്.

ലഖ്‌നൗ ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തിയത് ആകാശ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Michell Marsh set a huge record as a opener in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more