| Friday, 13th March 2026, 2:22 pm

ലോകകപ്പിലെ ഏറ്റവും മണ്ടന്‍ ടീം, ഇന്ത്യയെ പുറത്താക്കാന്‍ അവര്‍ തോറ്റുകൊടുക്കണമായിരുന്നു; വിമര്‍ശിച്ച് വോണ്‍

ആദർശ് എം.കെ.

ടി-20 ലോകകപ്പിലെ തെറ്റായ തീരുമാനങ്ങളില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സൂപ്പര്‍ 8 പോരാട്ടങ്ങളിലെ പ്രോട്ടിയാസിന്റെ ടാക്ടിക്കല്‍ എറര്‍ ചൂണ്ടിക്കാട്ടിയാണ് വോണ്‍ രംഗത്തെത്തിയത്.

സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റുകൊടുത്ത് ഇന്ത്യയെ പുറത്താക്കാന്‍ ശ്രമിക്കാന്‍ സൗത്ത് ആഫ്രിക്ക ശ്രമിക്കണമായിരുന്നു എന്നാണ് മൈക്കല്‍ വോണിന്റെ നിരീക്ഷണം. എന്നാല്‍ അതിന് പകരം സൗത്ത് ആഫ്രിക്ക വിന്‍ഡീസിനോട് വിജയിക്കുകയായിരുന്നുവെന്നും വിന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചുവെന്നും ചൂണ്ടിക്കാട്ടി.

മൈക്കല്‍ വോണ്‍

സൗത്ത് ആഫ്രിക്കയെ ഏറ്റവും ബുദ്ധിശൂന്യമായ ടീം എന്ന് വിളിച്ചുകൊണ്ടായിരുന്നു മുന്‍ ഇംഗ്ലണ്ട് നായകന്റെ വിമര്‍ശനം.

‘ഈ ടൂര്‍ണമെന്റിലെ ഏറ്റവും മണ്ടന്‍ ടീം ഏതാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാം, അത് സൗത്ത് ആഫ്രിക്കയാണ്. കാരണം സൂപ്പര്‍ 8ല്‍ അവര്‍ വെസ്റ്റ് ഇന്‍ഡീസ് തങ്ങളെ തോല്‍പ്പിക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായേനെ.

സൗത്ത് ആഫ്രിക്ക

ഞാന്‍ പറയുന്നത് ഇത്രയേ ഉള്ളൂ – അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഇന്ത്യയെ പുറത്താക്കിയിരുന്നെങ്കില്‍ പിന്നാലെ വന്ന കുതിപ്പ് തടയാമായിരുന്നു. എന്നാല്‍ ആ മത്സരം (സൗത്ത് ആഫ്രിക്ക vs വെസ്റ്റ് ഇന്‍ഡീസ്) സൗത്ത് ആഫ്രിക്ക വിജയിച്ചതോടെ അവര്‍ക്ക് (ഇന്ത്യ) മുമ്പോട്ട് പോകാന്‍ വഴിയൊരുങ്ങി.

അതിന് ശേഷം ഇന്ത്യ സിംബാബ്‌വേയെ തോല്‍പ്പിച്ചു. പിന്നാലെ നടന്ന വിര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെയും കീഴടക്കി.

സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം സിംബാബ്‌വേയ്‌ക്കെതിരെയായിരുന്നു. അതില്‍ അവര്‍ മൂന്ന് ടീമുകള്‍ക്ക് വിശ്രമവും നല്‍കി,’ സ്റ്റിക് ടു ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ വോണ്‍ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ 8ലും ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് സൗത്ത് ആഫ്രിക്ക മുമ്പോട്ട് കുതിച്ചത്. എന്നാല്‍ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി ടീം പുറത്താവുകയായിരുന്നു.

കിരീവുമായി ഇന്ത്യ

അതേസമയം, ഇന്ത്യ സെമി ഫൈനലിലെ ത്രില്ലര്‍ മാച്ചില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും കലാശപ്പോരാട്ടത്തില്‍ ഏകപക്ഷീയമായി വിജയിച്ച് കിരീടം നിലനിര്‍ത്തുകയുമായിരുന്നു.

Content Highlight: Michael Vaughn slams South Africa, calling them stupidest team

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more