| Saturday, 27th June 2026, 9:47 am

ലോകത്തിലെ മികച്ച താരമായ അവനെ ഇന്ത്യ തെരഞ്ഞെടുക്കാത്തത് വിശ്വസിക്കാനാവുന്നില്ല: മൈക്കല്‍ വോണ്‍

സുദേവ് എ

അയര്‍ലാന്‍ഡിനെതിരെയുള്ള രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ടി-20യില്‍ അയര്‍ലാന്‍ഡിനോട് പരാജയമറിയുന്നത്. 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് ഇന്ത്യക്കെതിരെ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ഐറിഷ് പടക്കെതിരെ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് വിജയം ഇന്ത്യ നേടിയപ്പോള്‍ ആദ്യമായാണ് ഐറിഷ് പട ഇന്ത്യ കീഴടക്കിയത്.

സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഈ മത്സരത്തില്‍ ഏവരും കാത്തിരുന്നത് യുവതാരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റമാണ്. എന്നാല്‍ മത്സരത്തില്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചിരുന്നില്ല. വൈഭവിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ മികച്ച ടി-20 താരമായ വൈഭവിനെ ഇന്ത്യ തെരഞ്ഞെടുക്കാത്തത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് മൈക്കല്‍ വോണ്‍ എക്സിലൂടെ പ്രതികരിച്ചത്.

‘ലോകത്തിലെ ഏറ്റവും മികച്ച ടി-20 താരമായ വൈഭവ് സൂര്യവംശിയെ ഇന്ത്യ തെരഞ്ഞെടുത്തില്ലെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല,’ മൈക്കല്‍ വോണ്‍ എക്സില്‍ കുറിച്ചു.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. നാളെ വൈഭവിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും.

വൈഭവ് സൂര്യവംശി & സച്ചിന്‍ ടെന്‍ഡുല്‍ക്കർ

ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

അതേസമയം ആദ്യ മത്സരത്തിലെ വിജയത്തോടെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അയര്‍ലാന്‍ഡിന് സാധിച്ചു. സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന അവസാന മത്സരം വിജയിച്ച് സ്വന്തം മണ്ണില്‍ ഇന്ത്യക്കെതിരെ ചരിത്ര പരമ്പര വിജയമായിരിക്കും അയര്‍ലാന്‍ഡ് ലക്ഷ്യം വെക്കുക. മറുവശത്ത് അവസാന മത്സരം കൈപ്പിടിയിലാക്കി സമനിലയാക്കാനാവും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുക.

Content Highlight: Michael Vaughan talks about Vaibhav Suryavanshi not getting a chance in the Indian team

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more