രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്സ്വാളിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ജെയ്സ്വാള്‍ ഒരു അത്ഭുതകരമായ താരമാണെന്നും താന്‍ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്ററായി കാണുന്നത് താരത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നൗവിനെതിരെ ജെയ്സ്വാള്‍ മികച്ച ഷോട്ടുകള്‍ അടിച്ചെന്നും താരത്തിന്റെ ഓഫ് സൈഡ് ഗെയിം കാണാന്‍ മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു വോണ്‍.
മൈക്കല്‍ വോണ്‍.
‘220 റണ്‍സ് പിന്തുടരുമ്പോള്‍ ആദ്യ ഓവറിന് വളരെ പ്രാധാന്യമുണ്ട്. മികച്ച തുടക്കം ലഭിക്കേണ്ടതുണ്ട്. ജെയ്സ്വാള്‍ (യശസ്വി) മികച്ച ചില ഷോട്ടുകള്‍ കളിച്ചു. അവന്റെ ഓഫ് സൈഡ് ഗെയിം കാണാന്‍ തന്നെ മനോഹരമാണ്. അവനെതിരെയുള്ള എല്‍.എസ്.ജിയുടെ ബൗളിങ് മോശമായിരുന്നു.
ജെയ്സ്വാള്‍ ഒരു അത്ഭുതകരമായ ഒരു താരമാണ്. ഞാന്‍ അവനെ ഏറ്റവും മികച്ച ഓള്‍ ഫോര്‍മാറ്റ് ബാറ്ററായാണ് കാണുന്നത്. മറുവശത്ത് കളിക്കുന്ന താരത്തെ (വൈഭവ് സൂര്യവംശി) കാണുമ്പോള്‍ താന്‍ ഒരു ടൂത്ത് പിക്ക് വെച്ചാണ് കളിക്കുന്നതെന്ന് ജെയ്സ്വാളിന് തോന്നും,’ വോണ്‍ പറഞ്ഞു.
യശ്വസി ജെയ്‌സ്വാൾ. Photo: IndianPremierLeague/x.com
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്റെ താത്കാലിക ക്യാപ്റ്റനായ ജെയ്സ്വാള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 23 പന്തില്‍ 43 റണ്‍സാണ് താരം എടുത്തത്. ഒരു സിക്സറും എട്ട് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 186.96 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇടം കൈയ്യന്‍ ബാറ്റര്‍ ലഖ്നൗ താരങ്ങളെ അടിച്ചത്.
ജെയ്സ്വാള്‍ ഈ സീസണിലുടനീളം തകര്‍പ്പന്‍ ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്. 13 ഇന്നിങ്‌സില്‍ കളിച്ച താരം 370 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരം ഈ സീസണില്‍ ഇതുവരെ അടിച്ചത്. 33.64 ശരാശരിയും 159.48 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
Content Highlight: Michael Vaughan says Yashasvi Jaiswal is wonderful player and best all format batter