| Monday, 16th June 2025, 6:46 pm

ഇംഗ്ലണ്ടിന് ഇതുപോലൊരുത്തന്‍ ഇല്ല, അവന്‍ ബുംറയ്ക്ക് തൊട്ടു താഴെയും കമ്മിന്‍സിനൊപ്പവുമാണ്; സൂപ്പര്‍ താരത്തെ പ്രശംസിച്ച് മൈക്കല്‍ വോണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ആഫ്രിക്ക കഴിഞ്ഞ ദിവസം ജേതാക്കളായിരുന്നു. കരുത്തരായ ഓസ്ട്രലിയന്‍ ടീമിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു പ്രോട്ടിയാസിന്റെ കിരീടനേട്ടം. ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രിക്കറ്റില്‍ മക്കയായ ലോര്‍ഡ്സില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയെടുത്തത്.

സെഞ്ച്വറി പ്രകടനവുമായി ക്രീസില്‍ ഉറച്ച് നിന്ന ഏയ്ഡന്‍ മര്‍ക്രത്തിന്റെയും ക്യാപ്റ്റന്‍ തെംബ ബാവുമയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലുമാണ് പ്രോട്ടിയാസ് തങ്ങളുടെ കരീടം സ്വന്തമാക്കിയത്.

വിജയത്തോടെ തങ്ങളുടെ 27 വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും കൂടിയായിരുന്നു പ്രോട്ടിയാസ് വിരാമം കുറിച്ചത്. ഒപ്പം ചോക്കേഴ്‌സ് എന്ന ചീത്തപേരും മാറ്റിയെടുക്കാന്‍ ബാവുമയുടെ സംഘത്തിന് സാധിച്ചു.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് പേസര്‍ കഗീസോ റബാദ കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും നേടിയാണ് റബാദ തന്റെ കരുത്ത് കാണിച്ചത്.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. സൗത്ത് ആഫ്രിക്കയ്ക്ക് റബാദയുണ്ടെന്നും, പേസര്‍ ലോകോത്തര ബൗളറാണെന്നും വോണ്‍ പറഞ്ഞു. മാത്രമല്ല ബുംറയ്ക്ക് താഴയും പാറ്റ് കമ്മിന്‍സിനൊപ്പവുമാണ് റബാദയുടെ സ്ഥാനമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ മനസില്‍ വയ്‌ക്കേണ്ട ഒരു കാര്യം, സൗത്ത് ആഫ്രിക്കയ്ക്ക് കഗീസോ റബാദയുണ്ട്, അദ്ദേഹം ഓസ്ട്രേലിയയുടെ ബലഹീനതകളെ ക്രൂരമായി മുതലെടുത്ത ഒരു ലോകോത്തര ബൗളറാണ്. പാറ്റ് കമ്മിന്‍സിനൊപ്പം ബുംറയ്ക്ക് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഞാന്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തും. ഇംഗ്ലണ്ടില്‍ അത്തരത്തിലൊരു ബൗളര്‍ ആരുമില്ല,’ വോണ്‍ പറഞ്ഞു.

പ്രോട്ടിയാസിന് വേണ്ടി 2015ല്‍ അരങ്ങേറ്റംകുറിച്ച പേസര്‍ 71 മത്സരങ്ങളിലെ 130 ഇന്നിങ്‌സില്‍ നിന്ന് 336 വിക്കറ്റുകളാണ് നേടിയത്. 433 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 3.34 എന്ന എക്കോണമിയിലും 21.7 എന്ന ആവറേജിലുമാണ് താരത്തിന്റെ ബൗളിങ് പ്രകടനം. 17 ഫൈഫറും 15 ഫോര്‍ഫറും റബാദ ഫോര്‍മാറ്റില്‍ നിന്ന് നേടി.

Content Highlight: Michael Vaughan Praises Kagiso Rabada

We use cookies to give you the best possible experience. Learn more