ലോകമെമ്പാടും ആരാധകരുള്ള ചുരുക്കം വ്യക്തികളിലൊരാളാണ് മൈക്കല്‍ ജാക്‌സണ്‍. തന്റെ സംഗീതം കൊണ്ടും ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും ആരാധകരെ ആവേശത്തിലാഴ്ത്തിയ എം.ജെ ലോകത്തോട് വിടപറഞ്ഞിട്ട് ഒന്നര പതിറ്റാണ്ടായിരിക്കുകയാണ്. പോപ്പ് സംഗീതത്തിന്റെ ഇതിഹാസമായ മൈക്കല്‍ ജാക്‌സന്റെ ബയോപിക് അണിയറയില്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത സിനിമാപ്രേമികളെ സന്തോഷിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മൈക്കല്‍ ജാക്‌സന്റെ സഹോദരീ പുത്രന്‍ ജാഫര്‍ ജാക്‌സണാണ് പോപ്പ് രാജാവിനെ വെള്ളിത്തിരയില്‍ പകര്‍ന്നാടുന്നത്. ഒന്നര മിനിറ്റ് മാത്രമുള്ള ടീസര്‍ ഗംഭീര രോമാഞ്ചമാണ് സമ്മാനിക്കുന്നത്. മൈക്കല്‍ ജാക്‌സന്റെ സംഗീതത്തിലേക്കുള്ള വരവും കഷ്ടപ്പാടുകളും പ്രശസ്തിയുമെല്ലാം ടീസറില്‍ മിന്നി മറയുന്നുണ്ട്.
യഥാര്‍ത്ഥ മൈക്കല്‍ ജാക്‌സണെ പുനസൃഷ്ടിച്ചതുപോലെയാണ് ജാഫര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. രൂപത്തിലും ഭാവത്തിലും മാത്രമല്ല, നൃത്തത്തിലും എം.ജെയെ ജാഫര്‍ പകര്‍ന്നാടുന്നുണ്ട്. മൈക്കല്‍ ജാക്‌സന്റെ എല്ലാ ഹിറ്റ് ഗാനങ്ങളും ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്നാണ് മൈക്കലിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആരാധകര്‍ കാണുന്നത്.
ഇക്വലൈസര്‍, ദി മാഗ്നിഫിഷ്യന്റ് സെവന്‍ തുടങ്ങിയ ആക്ഷന്‍ സിനിമകളൊരുക്കിയ ആന്റൈന്‍ ഫുകോവാണ് ചിത്രം ഒരുക്കുന്നത്. ബൊഹീമിയന്‍ റാപ്‌സഡിയുടെ നിര്‍മാതാവായ ഗ്രഹാം കിങ്ങാണ് ചിത്രം നിര്‍മിക്കുന്നത്. ഹോളിവുഡിലെ മുന്‍നിര സ്റ്റുഡിയോയായ ലയണ്‍സ്‌ഗേറ്റാണ് ചിത്രം അവതരിപ്പിക്കുന്നത്. 155 മില്യണ്‍ ചെലവിലൊരുങ്ങുന്ന ചിത്രം 2026ലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
കോള്‍മാന്‍ ഡൊമിംഗോ, നിയ ലോംഗ്, മൈല്‍സ് ടെല്ലര്‍, കാറ്റ് ഗ്രഹാം തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോണ്‍ ലോഗനാണ് ചിത്രത്തിന്റെ രചന. ക്യാമറക്ക് മുന്നിലും പിന്നിലുമായി വമ്പന്‍ ടീമുകളാണ് ഒന്നിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം 20 മില്യണിലധികം ആളുകള്‍ ടീസര്‍ കണ്ടു.
2026 ഏപ്രില്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഐമാക്‌സിലടക്കം ചിത്രം പ്രദര്‍ശനത്തിനെത്തും. 2026ല്‍ വണ്‍ ബില്യണ്‍ കളക്ഷന്‍ നേടാന്‍ സാധ്യതയുള്ള സിനിമകളിലൊന്നായി മൈക്കലിനെ പലരും കണക്കാക്കുന്നുണ്ട്. പോപ്പ് രാജാവിന്റെ കഥ ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ സിനിമാപ്രേമികളെല്ലാവരും ത്രില്ലിലാണ്.
Content Highlight: Michael Jackson’s biopic teaser out now