ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. താരങ്ങളെല്ലാവരും തന്നെ മികച്ച ഫോമിലാണെങ്കിലും ചിലര്‍ ശങ്കയ്ക്ക് വകതരുന്നു. എന്നാല്‍ ടീം തെരഞ്ഞെടുക്കുമ്പോള്‍ ആരെയൊക്കെ തഴഞ്ഞാലും യുവരാജിനെ കളയരുതെന്നാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമായ മൈക്കിള്‍ ക്ലര്‍ക്ക് പറയുന്നത്.
“”യുവരാജും ധോനിയും പരിചയസമ്പന്നരായ താരങ്ങളാണ്. ഇവരെ രണ്ടു പേരെയും നിലനിര്‍ത്തണം. അതേസമയം യുവതാരങ്ങളും ടീമില്‍ വേണം. പക്ഷേ യുവരാജോ രഹാനെയോ ഇവരില്‍ ആരെങ്കിലും ഒരാളെ മാത്രമേ ടീമിലുള്‍പ്പെടുത്താന്‍ പറ്റൂ എന്ന സാഹചര്യം വരുകയാണെങ്കില്‍ പരിചയസമ്പന്നനായ യുവരാജിനാണ് ഞാന്‍ പ്രാധാന്യം നല്‍കുക.”” ക്ലര്‍ക്ക് പറയുന്നു.
ധോനിയെ അവസാന ഇലവനില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് വ്യക്തമാക്കിയ ക്ലര്‍ക്ക് ഐ.പി.എല്ലില്‍ ധോനിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയെ വിജയിപ്പിക്കാനുള്ള കഴിവ് ധോനിക്കുണ്ടെന്നും ക്ലര്‍ക്ക് പറഞ്ഞു.
ഞായറാഴ്ച്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം.
അതേസമയം നാലാം നമ്പറിലേക്ക് ആരെ പരിഗണിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ക്യാപ്റ്റന്‍ വിരാട് കോലി. യുവരാജ് സിങ്ങ്, അജിങ്ക്യ രഹാനെ, ദിനേശ് കാര്‍ത്തിക് എന്നിവരാണ് നാലാം നമ്പറിലേക്ക് മത്സര രംഗത്തുള്ളത്. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കാര്‍ത്തിക് മികച്ച ഫോമിലായിരുന്നു. അതേസമയം രഹാനെ വേഗത്തില്‍ പുറത്തായി. യുവരാജാകട്ടെ പനി മൂലം രണ്ട് സന്നാഹ മത്സരങ്ങളിലും കളിച്ചതുമില്ല.