| Thursday, 4th June 2026, 12:39 pm

വിവ് റിച്ചാഡ്സിനെയും സച്ചിനെയും പോലെ യുവതലമുറക്ക് അവന്‍ പ്രചോദനം: ക്ലാര്‍ക്ക്

ഫസീഹ പി.സി.

ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇത്തവണത്തെ ഐ.പി.എല്ലിലെ ചര്‍ച്ചാ വിഷയം വൈഭവായിരുന്നുവെന്നും മെഗാ ലേലം നടന്നിരുന്നുവെങ്കില്‍ അവന്‍ ഏറ്റവും വില കൂടിയ താരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിവ് റിച്ചാര്‍ഡ്സ്, ഷെയ്ന്‍ വോണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെ പോലെ വൈഭവും യുവതലമുറയ്ക്ക് പ്രചോദനമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.

മൈക്കല്‍ ക്ലാര്‍ക്ക്.

‘ഈ വര്‍ഷത്തെ ഐ.പി.എല്ലിലെ ചര്‍ച്ചാവിഷയം അവനായിരുന്നു (വൈഭവ് സൂര്യവംശി). രാജസ്ഥാന്‍ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ കണ്ണീരണിഞ്ഞെങ്കിലും തകര്‍പ്പന്‍ പ്രകടനം നടത്തിയതിനാല്‍ അവന്  അഭിമാനിക്കാം. ഈ വര്‍ഷം മെഗാ ലേലം ഉണ്ടായിരുന്നുവെങ്കില്‍ അവനേക്കാള്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്ന മറ്റൊരു താരവുമില്ല.

ഓരോ തലമുറയിലും വിവ് റിച്ചാര്‍ഡ്സ്, ഷെയ്ന്‍ വോണ്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ജാക് കാലിസ് എന്നിവരെപോലെ യുവതാരങ്ങള്‍ക്ക് പ്രചോദനമായ താരങ്ങളുണ്ടായിരുന്നു. അതുപോലെ ഈ കൊച്ചുതാരം (വൈഭവ്) ലോകമെമ്പാടുമുള്ള യുവതലമുറയ്ക്ക് പ്രചോദനമാകും,’ ക്ലാര്‍ക്ക് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

ഐ.പി.എല്‍ 2026ല്‍ വെടിക്കെട്ട് പ്രകടനവുമായി സൂര്യവംശി ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. 16 ഇന്നിങ്സുകളില്‍ കളിച്ച താരം 776 റണ്‍സാണ് എടുത്തത്.  ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും 15കാരന്‍ ഈ സീസണില്‍ അടിച്ചുകൂട്ടി. 48.50 ശരാശരിയും 237.30 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മിന്നും പ്രകടനങ്ങള്‍ നടത്തിയ സൂര്യവംശി തന്നെയാണ് റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയത്. കൂടാതെ, ഏറ്റവും കൂടുതല്‍ സിക്സറുകള്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, എമേര്‍ജിങ് പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ എന്നീ അവാര്‍ഡുകളും താരം തന്റെ അക്കൗണ്ടിലെത്തിച്ചു.

Content Highlight: Michael Clarke says Vaibhav Sooryavanshi will inspire next generation as Viv Richards, Sachin Tendulkar, Shane Warne did

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more