| Thursday, 7th May 2026, 7:15 pm

അവന്‍ സച്ചിനെ ഓര്‍മിപ്പിച്ചു, ഈ ഹൈപ്പ് നേടിയെടുത്തതാണ്; സൂപ്പര്‍ താരത്തെ കുറിച്ച് ക്ലാര്‍ക്ക്

ഫസീഹ പി.സി.

രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി ഐ.പി.എല്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ആരാധകരുടെ മനസ് കീഴടക്കുകയാണ്. കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇത്തവണയും വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറയുകയാണ്. ഇപ്പോള്‍ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

വൈഭവ് തന്റെ ഹൈപ്പ് നേടിയെടുത്തതാണെന്നും താരത്തിന്റെ ശൈലി ടി – 20ക്ക് യോജിച്ചതാണെങ്കിലും ഭാവിയില്‍ ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും താരം കളിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈഭവിന്റെ ബാറ്റിങ് 16ാം വയസില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്ട്രേലിയയില്‍ ബാറ്റ് ചെയ്തത് ഓര്‍മിപ്പിച്ചുവെന്നും ക്ലാര്‍ക്ക് ബിയോണ്ട്23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

മൈക്കല്‍ ക്ലാര്‍ക്ക്.

‘അവന്റെ (വൈഭവ് സൂര്യവംശി) ഹൈപ്പ് നേടിയെടുത്തതാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസമാവുമെന്ന് ആരും പറയുന്നില്ല. അവന്‍ കളിക്കുന്ന രീതി ടി – 20യ്ക്ക് യോജിച്ചതാണ്. പക്ഷേ, അവന്‍ ഇങ്ങനെ സ്‌കോര്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും അവന്‍ കളിക്കും. അപ്പോള്‍ ലോകത്തിലെ വിവിധ പിച്ചുകളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടുകയെന്നതാകും അവന്‍ നേരിട്ടേക്കാവുന്ന വെല്ലുവിളി.

ഒരു 15 വയസുകാരന്‍ ഇത്തരത്തില്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. 16ാം വയസില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓസ്ട്രേലിയയില്‍ റണ്‍സ് നേടുന്നതാണ് ഇതെന്ന് ഓര്‍മിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച താരം സച്ചിനാണ്. വൈഭവിനെ കുറിച്ച് നമ്മള്‍ അതല്ല പറയുന്നത്.

പക്ഷേ, ഇന്ത്യന്‍ ടി – 20 ക്രിക്കറ്റില്‍ വൈഭവ് ഒരു വിസ്മയമാണ്. ഏതൊരു ബൗളറെയും ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിക്കാന്‍ അവന് ധൈര്യമുണ്ട്. നിലവില്‍ പവര്‍പ്ലേയില്‍ അവനെക്കാള്‍ മികച്ചൊരു താരം അധികമില്ല,’ ക്ലാര്‍ക്ക് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: iplt20.com

ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ കളിച്ച വൈഭവ് 404 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും നേടിയാണ് താരം ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 103 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 40.40 ശരാശരിയും 237.64 സ്‌ട്രൈക്ക് റേറ്റുമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ക്കുള്ളത്.

Content Highlight: Michael Clarke says Vaibhav Sooryavanshi’s heroics reminded Sachin Tendulakar’s scoring in Australia at 16 years

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more