ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി 2026 ടി – 20 ലോകകപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ടൂർണമെന്റിന്റെ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ പത്ത് മത്സരങ്ങൾ ഇതിനോടകം തന്നെ കടന്ന് പോയിട്ടുണ്ട്.
അവയെല്ലാം ആരാധകർക്ക് വിരുന്നൊരുക്കുന്നവയായിരുന്നു. അസ്സോസിയേറ്റ് രാജ്യങ്ങൾ അടക്കം മികച്ച പോരാട്ടം തന്നെയാണ് ടൂർണമെന്റിൽ കാഴ്ചവെക്കുന്നത്. അവരിൽ പലരും ഇതിനോടകം തന്നെ ക്രിക്കറ്റ് പ്രേമികളുടെ മനസും കീഴയടക്കിയിട്ടുണ്ട്.
മൈക്കൽ ക്ലാർക്ക്. Photo: Skysports/x.com
ഇപ്പോൾ ടൂർണമെന്റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗത്ത് ആഫ്രിക്ക എന്നിവരെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
ഇന്ത്യ ടൂർണമെന്റിന്റെ ഫേവറേറ്റ്സാണെന്നും അവർ ഫൈനലിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടീമും ഇതുവരെ ലോകകപ്പ് തുടർച്ചയായി നേടിയിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് അതിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ക്ലാർക്ക്.
‘ഇന്ത്യയാണ് ലോകകപ്പിലെ ഫേവറേറ്റ്സ്. അവർ ഫൈനലിലെത്തും. ആദ്യ നാലിലെത്താനും സമ്മർദം കൈകാര്യം ചെയ്യാനും സാധിച്ചാൽ ഓസ്‌ട്രേലിയയും ഫൈനലിലെത്തും. ഇന്ത്യ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാൻഡ് എന്നിവരാണ് എന്റെ സെമി ഫൈനലിസ്റ്റുകൾ.
ടി – 20 ലോകകപ്പിൽ ഒരു ടീമും ഇതുവരെ തുടർച്ചയായി കപ്പുയർത്തിയിട്ടില്ല. ഇത്തവണത്തെ ലോകകപ്പിൽ സ്വന്തം മണ്ണിൽ കളിക്കുന്നതിന്റെ സമ്മർദത്തെ കുറിച്ചുള്ള ചർച്ചകളാണ് എല്ലായിടത്തും. ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻതൂക്കമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നിലവിൽ ടി – 20യിൽ ലോകത്തിൽ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. ഒന്നാം നമ്പറുകാരായ അവർ തന്നെയാണ് കിരീടം സാധ്യത ഏറെയുള്ളവർ,’ ക്ലാർക്ക് പറഞ്ഞു.
ഇന്ത്യൻ ടീം. Photo: BCCI/x.com
അതേസമയം, ഇന്ത്യ വിജയത്തോടെയാണ് ടൂർണമെന്റിന് തുടക്കമിട്ടത്. യു.എസ്.എ തകർത്താണ് ടീം ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ അടുത്ത മത്സരം ഫെബ്രുവരി 12നാണ്. നമീബിയയാണ് എതിരാളികൾ.
Content Highlight: Michael Clarke says that India are favorites of T20 World Cup 2026