| Monday, 12th May 2025, 2:28 pm

അവന്‍ പകരം വെക്കാനാവാത്ത നായകന്‍; രോഹിത്തിനെ പ്രശംസിച്ച് ക്ലാര്‍ക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടെസ്റ്റില്‍ പുതിയ ഒരു യുഗത്തിനായിരിക്കും ഇനി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഈ ഫോര്‍മറ്റില്‍ നിന്ന് പടിയിറങ്ങിയതോടെ ഒരു യുവ നിരയായിരിക്കും ടെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് മെയ് ഒമ്പതിനാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ ക്യാപ്റ്റന്‍ ആരാകുമെന്ന് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഇപ്പോള്‍ രോഹിത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഏതൊരു ടീമും മിസ് ചെയ്യുന്ന കളിക്കാരനാണ് രോഹിത്തെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ പകരം വെക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാളാണ് രോഹിത്തെന്നും താരം മത്സരങ്ങള്‍ വളരെ നന്നായി മനസിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെവ്‌സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ ക്ലാര്‍ക്ക്.

‘ഏതൊരു ടീമും മിസ് ചെയ്യുന്ന ഒരു കളിക്കാരനാണ് രോഹിത്. തന്ത്രപരമായി പകരം വയ്ക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ക്യാപ്റ്റനാണ് അദ്ദേഹം. കളിയെ അദ്ദേഹം വളരെ നന്നായി മനസിലാക്കുന്നു,’ ക്ലാര്‍ക്ക് പറഞ്ഞു.

ജൂണ്‍ അവസാനം ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഇംഗ്ലണ്ട് പര്യടനമാണ് ഇന്ത്യക്ക് ഇനി വരാനുള്ള മത്സരം. ഐ.പി.എല്ലിന് ശേഷമെത്തുന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന് തുടക്കം കുറിക്കുക ഈ പരമ്പരയാണ്.

ഈ പരമ്പരയിലാവും ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റനെത്തുക. ശുഭ്മന്‍ ഗില്ലിനാണ് ക്യാപ്റ്റനായി കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ക്യാപ്റ്റനെയും പരമ്പരയ്ക്കുള്ള ടീമിനെയും മെയ് അവസാന വാരത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെ കുറിച്ചും ക്ലാര്‍ക്ക് സംസാരിച്ചു. കുല്‍ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും രണ്ട് ടീമുകള്‍ക്കിടയിലും വ്യത്യാസം വരുത്താന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുല്‍ദീപ് നന്നായി പന്തെറിയുന്നുണ്ടെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

‘കുല്‍ദീപ് കളിച്ചാല്‍ രണ്ട് ടീമുകള്‍ക്കിടയിലും വ്യത്യാസം വരുത്താന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അദ്ദേഹം അത്ര നന്നായി പന്തെറിയുന്നുണ്ട്,’ ക്ലാര്‍ക്ക് പറഞ്ഞു.

Content Highlight: Michael Clarke says Rohit Sharma hard to replace  as captain

We use cookies to give you the best possible experience. Learn more