| Friday, 6th February 2026, 7:13 am

ബുംറയും അഭിഷേകൊന്നുമല്ല, അവനാണ് ഏറ്റവും മൂല്യമേറിയ താരം: ക്ലാര്‍ക്ക്

ഫസീഹ പി.സി.

ടി – 20 ലോകകപ്പിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെയാണ് (ഫെബ്രുവരി ഏഴ്) ടൂര്‍ണമെന്റിന് തുടക്കമാവുക. 20 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോര് നടക്കുക മാര്‍ച്ച് എട്ടിനാണ്.

ഇപ്പോള്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് ലോകത്തിലെ മൂല്യമേറിയ താരത്തെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പ്രധാനപ്പെട്ട താരമാണ് ഹര്‍ദിക്കെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ദിക്കായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനിയാവുകയെന്നും അദ്ദേഹം പറഞ്ഞു. റേവ് സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായായിരുന്നു ക്ലാര്‍ക്ക്.

മൈക്കല്‍ ക്ലാര്‍ക്ക്. Photo: Skysports/x.com

‘ടി – 20 ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മൂല്യമുള്ള താരം ഹര്‍ദിക് പാണ്ഡ്യയാണെന്നാണ് ഞാന്‍ കരുതുന്നത്. കുട്ടി ക്രിക്കറ്റില്‍ അവനാണ് എന്റെ ഒന്നാം നമ്പര്‍ താരം. എനിക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കാന്‍ ഒരു താരത്തെ വാങ്ങേണ്ടി വന്നാല്‍ അവനായിരിക്കും എന്റെ ഫസ്റ്റ് ചോയ്‌സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവന്‍ ഒരുപോലെ പ്രധാനമാണ്.

കൂടാതെ, ഹര്‍ദിക് ഒരു അത്ഭുതകരമായ ഒരു ടാക്റ്റീഷനാണ്. അവന്‍ മത്സരങ്ങളെ നന്നായി വിലയിരുത്തുന്നതിനാല്‍ ടീമിനെ നയിക്കുന്നതിൽ സഹായിക്കാൻ അവന് സാധിക്കും.  ലോകകപ്പില്‍ അവനായിരിക്കും ഇന്ത്യയുടെ വിജയങ്ങളില്‍ പ്രധാനി. അവന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായാലും അത്ഭുതപ്പെടേണ്ടതില്ല,’ ക്ലാര്‍ക്ക് പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com

ടി – 20 ക്രിക്കറ്റില്‍ അടുത്തകാലത്തായി ഇന്ത്യയുടെ പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹര്‍ദിക്. പല മത്സരങ്ങളിലും ഇന്ത്യക്കായി താരം ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് നടത്തുകയും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഇന്ത്യന്‍ കുപ്പായത്തില്‍ 129 മത്സരങ്ങളില്‍ 2000 റണ്‍സും 105 വിക്കറ്റുകളുമുണ്ട്.

അതേസമയം, ലോകകപ്പിന്റെ ഉദ്ഘാടന ദിവസം തന്നെ ഇന്ത്യയ്ക്ക് മത്സരമുണ്ട്. യു.എസ്.എയാണ് മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി.

Content Highlight: Michael Clarke says Hardik Pandya is most valuable cricketer in world T20 Cricket

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more