| Saturday, 11th April 2026, 1:45 pm

വൈഭവോ ജെയ്സ്വാളോ അല്ല, ഇവന്‍ ഈ സീസണിലെ ആദ്യ സെഞ്ചൂറിയനാവും: ക്ലാര്‍ക്ക്

ഫസീഹ പി.സി.

ഐ.പി.എല്‍ 2026 ആരാധകര്‍ക്ക് ആവേശം നിറച്ച് മുന്നേറുകയാണ്. നിലവില്‍ ടൂര്‍ണമെന്റില്‍ 16 മത്സരങ്ങള്‍ അവസാനിച്ചിട്ടുണ്ട്. ഇതുവരെ തോല്‍വിയറിയാത്ത രാജസ്ഥാന്‍ റോയല്‍സാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.

ഇന്ന് (ഏപ്രില്‍ 11) രണ്ട് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്ങും സണ്‍റൈസേഴ്സ് ഹൈദരബാദുമാണ് ഏറ്റുമുട്ടുന്നത്. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ദല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ വരും.

മൈക്കൽ ക്ലാർക്ക്. Photo: crictracker

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി സീസണിലെ ആദ്യ സെഞ്ച്വറി ആര് നേടുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്. പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയാണ് അദ്ദേഹം പ്രവചിച്ചത്. സണ്‍റൈസേഴ്‌സിനെതിരെയുള്ള മത്സരത്തിലാവും താരത്തിന്റെ സെഞ്ച്വറിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ക്ലാര്‍ക്ക്.

‘ഈ സീസണ്‍ ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി അടിക്കുക പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരായിരിക്കും,’ ക്ലാര്‍ക്ക് പറഞ്ഞു.

ശ്രേയസ് അയ്യർ. Photo: IndianPremierLeague/x.com

ശ്രേയസ് ഇതുവരെ ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയിട്ടില്ല. 2025 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പുറത്താവാതെ നേടിയ 97 റണ്‍സാണ് താരത്തിന്റെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍.

ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ശ്രേയസ് ഒരു അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. സി.എസ്.കെക്കെതിരെ 29 പന്തില്‍ 50 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, പഞ്ചാബ് – ഹൈദരബാദ് മത്സരത്തില്‍ രണ്ട് പ്രവചനങ്ങള്‍ കൂടി ക്ലാര്‍ക്ക് നടത്തിയിട്ടുണ്ട്. ഈ മത്സരം പഞ്ചാബ് ജയിക്കുമെന്നാണ് ഒരു പ്രവചനം. മറ്റൊന്ന് സൂപ്പര്‍ താരം യുസ്വേന്ദ്ര ചഹലിനെ കുറിച്ചാണ്. സ്പിന്നര്‍ ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുമെന്നാണിത്.

ടൂര്‍ണമെന്റില്‍ പഞ്ചാബ് കിങ്സ് അപരാജിതായി തുടരുകയാണ്. രണ്ട് മത്സരങ്ങള്‍ ടീം വിജയിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെയും സി.എസ്.കെയുമാണ് ടീം തോല്‍പ്പിച്ചത്. പഞ്ചാബിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Content Highlight: Michael Clarke predicts Shreyas Iyer to hit first century in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more