ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല് കയ്യെത്തും ദൂരത്ത് നില്‍ക്കവെ, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് രോഹിത്തിന് പിന്നാലെ വിരാടും കളി മതിയാക്കിയത് എതിരാളികളെ പോലും അമ്പരപ്പിച്ചിരുന്നു.
ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും സൂപ്പര്‍ താരവുമായ മൈക്കല്‍ ക്ലാര്‍ക്.
ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞാല്‍ വിരാട് തിരിച്ചുവരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുമെന്നാണ് ക്ലാര്‍ക് പറയുന്നത്. മാനേജ്‌മെന്റും ആരാധകകരും ആവശ്യപ്പെട്ടാല്‍ വിരാട് ടെസ്റ്റിലേക്ക് മടങ്ങി വന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിയുകയാണെങ്കില്‍, ഉദാഹരണത്തിന് അവര്‍ പരമ്പര 5-0ന് തോല്‍ക്കുകയാണെങ്കില്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മടങ്ങിവരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
സത്യസന്ധമായി പറയട്ടെ മാനേജ്‌മെന്റും ക്യാപ്റ്റനും ആവശ്യപ്പെടുകയാണെങ്കില്‍, ആരാധകരുടെ പിന്തുണയുണ്ടെങ്കില്‍, ഇന്ത്യ ഇംഗ്ലണ്ടിനോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെടുകയാണെങ്കില്‍ അദ്ദേഹം തിരിച്ചുവരുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹം ടെസ്റ്റ് ഫോര്‍മാറ്റ് അത്രത്തോളം ഇഷ്ടപ്പെടുന്നു,’ ക്ലാര്‍ക് പറഞ്ഞു.
ഇന്ത്യയ്ക്കായി 100 ടെസ്റ്റ് പൂര്‍ത്തിയാക്കിയ താരങ്ങളിലൊരാളാണ് വിരാട്. 123 മത്സരത്തിലെ 210 ഇന്നിങ്‌സില്‍ നിന്നും 46.85 ശരാശരിയില്‍ 9230 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ടെസ്റ്റില്‍ 30 തവണ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം 31 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
വിരാടിന് മുമ്പ് രോഹിത് ശര്‍മയും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയതിനാല്‍ ശുഭ്മന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പരയ്‌ക്കെത്തുന്നത്. ടെസ്റ്റില്‍ ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ട്രാക്ക് റെക്കോഡുകളല്ല ഇന്ത്യയ്ക്കുള്ളത്. 1932 മുതല്‍ 19 തവണയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയത്. ഇതില്‍ മൂന്ന് പരമ്പര മാത്രമാണ് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ പരമ്പര വിജയിക്കാന്‍ സാധിച്ചത്.
വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ 2021ല്‍ നടന്ന പരമ്പരയില്‍ നാല് മത്സരങ്ങള്‍ അവസാനിക്കവെ 2-1ന്റെ ലീഡുമായി ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചിരിക്കവെയാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്.
ഒരു വര്‍ഷത്തിനിപ്പുറം ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പരമ്പരയിലെ അവസാന മത്സരം വീണ്ടും ഷെഡ്യൂള്‍ ചെയ്യപ്പെട്ടു. ഈ മത്സരത്തില്‍ സമനില നേടിയാല്‍ പോലും പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ബുംറയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ മത്സരം പരാജയപ്പെടുകയും പരമ്പര സമനിലയില്‍ അവസാനിക്കുകയുമായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ബെന്‍ സ്റ്റോക്സിനെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ കോട്ട കാക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഷോയിബ് ബഷീര്‍, ജേക്കബ് ബെഥല്‍, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാരസ്, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്സ്.
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്ലി, ലീഡ്സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
Content Highlight: Michael Clarke on Virat Kohli may come back from retirement if India loses to England