| Thursday, 7th May 2026, 4:44 pm

ടി-20യിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം; സൂപ്പര്‍ താരത്തെക്കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക്

ശ്രീരാഗ് പാറക്കല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകനും സൂപ്പര്‍ താരവുമായ എം.എസ്. ധോണിയെ പ്രശംസിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. ധോണി തന്നെയാണ് ചെന്നൈ എന്നും സി.എസ്.കെയുടെ കളികാണാന്‍ പോകുന്നവരെല്ലാം ഏഴാം നമ്പര്‍ മഞ്ഞ ജേഴ്‌സി (ധോണിയുടെ ജേഴ്‌സി) അണിഞ്ഞിരിക്കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

എം.എസ്. ധോണിയേക്കാള്‍ മികച്ച ഒരു കീപ്പര്‍ ഉണ്ടെന്ന് ആര്‍ക്കും തന്നെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും ടി-20യിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു.

‘എം.എസ്. ധോണി തന്നെയാണ് സി.എസ്.കെ. സി.എസ്.കെയുടെ കളി കാണാന്‍ പോയാല്‍ എല്ലാവരും ഏഴാം നമ്പര്‍ മഞ്ഞ ജേഴ്‌സി ധരിക്കും. എല്ലാ സ്പോണ്‍സര്‍മാരും എം.എസ്. ധോണി ആ ടീമിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കും. ഇന്ത്യയിലും സി.എസ്.കെ ഫ്രാഞ്ചൈസിയിലും അദ്ദേഹത്തിന് അത്രയും പ്രാധാന്യമുണ്ട്.

പ്രായമൊന്നും ഒരു പ്രശ്നമല്ല. എം.എസ്. ധോണിയേക്കാള്‍ മികച്ച ഒരു കീപ്പര്‍ ഉണ്ടെന്ന് ആര്‍ക്കും എന്നെ ബോധ്യപ്പെടുത്താന്‍ കഴിയില്ല. ടി-20യിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് അദ്ദേഹം. അദ്ദേഹം അതുല്യനാണ്. അതിനാല്‍ അദ്ദേഹം വിരമിക്കണമെന്ന് ആശംസിക്കുന്നതില്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്,’ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു.എം.എസ്. ധോണി

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എക്കാലത്തേയും മികച്ച താരമാണ് ധോണി. കരിയറിന്റെ അവസാന ഘട്ടത്തോട് അടുത്ത ധോണി സീസണില്‍ ടീമിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിക്ക് മൂലമാണ് താരം കളത്തിലിറങ്ങാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചെന്നൈക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത താരമാണ് ധോണി.

നിലവില്‍ ചെന്നൈയ്ക്ക് വേണ്ടി 278 മത്സരങ്ങള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 38.30 ആവറേജിലാണ് താരം ബാറ്റ് വീശിയത്. 24 അര്‍ധ സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്.

അതേസമയം കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 15 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. വിജയത്തോടെ 10 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാനും ചെന്നൈക്ക് സാധിച്ചു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. ധോണിയുടെ പിന്‍ഗാമിയായാണ് സഞ്ജു സാംസണിനെ കണക്കാക്കുന്നത്.

മെയ് 10ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.

Content Highlight: Michael Clark Praises Chennai Super Kings Former Captain M.S. Dhoni

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more