പതിനൊന്ന് വര്‍ഷത്തെ തന്റെ കരിയര്‍ അവസാനിപ്പിച്ച് രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് കൊണ്ട് മെയ് ഏഴിനാണ് താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ വെള്ള കുപ്പായമഴിച്ച് വെക്കുന്നതിനെ കുറിച്ച് അറിയിച്ചത്.
ഐ.പി.എല്ലിനിടെ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വളരെ അപ്രതീക്ഷിതമായാണ് രോഹിത് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ താരത്തിനെ അഭിനന്ദിച്ചും മറ്റും സീനിയര്‍ താരങ്ങളടക്കം പ്രതികരിച്ചിരുന്നു.
ഇപ്പോള്‍ രോഹിത്തിന്റെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ട്ടന്‍. ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള രോഹിത്തിന്റെ തീരുമാനം ഒട്ടും അപ്രതീക്ഷിതമല്ലെന്നും റണ്‍സ് നേടാതിരിക്കുകയും ടീം തോല്‍ക്കുകയും ചെയ്യുമ്പോള്‍ ഏതൊരു ക്യാപ്റ്റനും ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്നും ആതര്‍ട്ടന്‍ പറഞ്ഞു.
ഇന്ത്യന്‍ നായകന്റെ ഫോം കുറഞ്ഞെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് പ്രതിഭകള്‍ ഉള്ളതിനാല്‍ ടീമിലെത്താന്‍ 38കാരനായ താരത്തിന് ബുദ്ധിമുട്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഹിത്തിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ഏകദിന ക്രിക്കറ്റാണെന്നും ടെസ്റ്റ് കരിയര്‍ അത്ര മികച്ചതല്ലെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മൈക്കല്‍ ആതര്‍ട്ടന്‍.
‘വിരമിക്കല്‍ പൂര്‍ണമായും രോഹിത്തിന്റെ സ്വന്തം തീരുമാനമായിരുന്നോ? അതോ പുറത്താക്കപ്പെടാന്‍ പോകുകയാണെന്ന് അവന് തോന്നിയിരുന്നോ? രോഹിത്തിന്റെ വിരമിക്കലിന് ഒരു ദിവസം മുമ്പ് സെലക്ടര്‍മാര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അത് വെറും ഊഹാപോഹമാണ്. പക്ഷേ അവന്റെ തീരുമാനം ഒരിക്കലും അപ്രതീക്ഷിതമായിരുന്നില്ല. നിങ്ങള്‍ റണ്‍സ് നേടാതിരിക്കുകയും ടീം തോല്‍ക്കുകയും ചെയ്യുമ്പോള്‍ ഏതൊരു ക്യാപ്റ്റനും ഇത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളിലും ബി.ജി.ടിയില്‍ മൂന്ന് മത്സരങ്ങളിലും തോറ്റു.
അദ്ദേഹത്തിന്റെ ഫോം വലിയ തോതില്‍ കുറഞ്ഞു. രോഹിത്തിന് 38 വയസായി, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരുപാട് പ്രതിഭകള്‍ ഉള്ളതിനാല്‍ ടീമില്‍ ഇടം നേടാന്‍ ബുദ്ധിമുട്ടാവും. നിങ്ങളുടെ ഫോമോ പ്രകടനങ്ങളോ കുറയുമ്പോള്‍ ചോദ്യങ്ങള്‍ ഉയരും. അതിനാല്‍ അവന്റെ വിരമിക്കല്‍ അത്ര സര്‍പ്രൈസാണെന്ന് ഞാന്‍ കരുതുന്നില്ല.
രോഹിത് ഒരു പ്രധാന ക്രിക്കറ്റ് കളിക്കാരനാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തില്‍ റെക്കോര്‍ഡോ സ്റ്റാറ്റസോ അത് സൂചിപ്പിക്കുന്നില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആളുകള്‍ അവനെ ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതുന്നു, രോഹിത്തിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ഏകദിന ക്രിക്കറ്റാണ്. പക്ഷേ അവന്റെ ടെസ്റ്റ് കരിയര്‍ രസകരമായിരുന്നു.
രോഹിത്തിന് ടീമില്‍ എത്താന്‍ വളരെക്കാലം കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കരിയര്‍ രണ്ട് വ്യത്യസ്ത ഘട്ടങ്ങളായി പിളര്‍ന്നു. 40 ആവറേജും 12 സെഞ്ച്വറിയുമായും അവസാനിപ്പിക്കുന്നത് ഒരു വിജയകരമായ കരിയാറായി കണക്കാക്കാം. പക്ഷേ അത്ര മികച്ചതല്ല,’ ആതര്‍ട്ടന്‍ പറഞ്ഞു.
Content Highlight: Michael Atherton talks about Rohit Sharma’s retirement in Test Cricket