വിരാട് കോഹ്‌ലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യന്‍ ടീമിലെ നാലാം നമ്പറുകാരന്‍ ആരായിരിക്കുമെന്നത് വലിയ അനിശ്ചിതാവസ്ഥയിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിനെയും യുവതാരം ശുഭ്മന്‍ ഗില്ലിനെയുമാണ് മുന്‍ താരങ്ങള്‍ അടക്കം പലരും ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.
ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ ആതര്‍ട്ടണ്‍. വിരാട് കോഹ്‌ലിക്ക് പകരക്കാരനാകുന്നത് എളുപ്പമല്ലാത്തതിനാല്‍ നാലാം സ്ഥാനത്ത് എത്തുന്ന താരം സമ്മര്‍ദത്തിലായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആതര്‍ട്ടണ്‍ പറഞ്ഞു. നാലാം നമ്പറില്‍ വിരാട് 15 വര്‍ഷമുണ്ടായിരുന്നുവെന്നും അതിന് മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍കറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ആദ്യ പരമ്പരയോടെ ഇന്ത്യ അവരുടെ ടെസ്റ്റ് ടീമിനെ പുനര്‍നിര്‍മിക്കാന്‍ തുടങ്ങും. നാലാം സ്ഥാനത്ത് ആര് ഇറങ്ങുമെന്ന് നമുക്ക് അറിയില്ല.
പക്ഷേ ആ സ്ഥാനത്ത് വിരാട് കോഹ്‌ലിക്ക് പകരക്കാരനാകുന്നത് എളുപ്പമല്ലാത്തതിനാല്‍ അദ്ദേഹം സമ്മര്‍ദത്തിലായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 15 വര്‍ഷം ആ സ്ഥാനത്ത് വിരാടുണ്ടായിരുന്നു. അദ്ദേഹത്തിന് മുമ്പ് അത് സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു,’ ആതര്‍ട്ടണ്‍ പറഞ്ഞു.
കോഹ്ലിയുടെ ബാറ്റിങ്ങിനെ കുറിച്ചും ആതേര്‍ടണ്‍ സംസാരിച്ചു. വിരാട് ബാറ്റ് ചെയ്യുന്നത് കാണുന്നത് താന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും താരത്തിന്റെ ഊര്‍ജം ഒരിക്കലും കുറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കളിക്കുന്നത് വിരാടിന് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിരമിക്കല്‍ തെളിയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘കോഹ്‌ലിയുടെ ബാറ്റിങ്ങില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രയാസമായിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ടെസ്റ്റിനായി എല്ലാം നല്കിയപ്പോഴും വിരാടിന്റെ ഊര്‍ജം ഒരിക്കലും കുറഞ്ഞിരുന്നില്ല. ടെസ്റ്റ് കളിക്കുന്നത് വിരാടിന് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിരമിക്കല്‍ തെളിയിക്കുന്നു,’ ആതര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്‌സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.
30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ വിരാട് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമായാണ് താരം പടിയിറങ്ങുന്നത്.
Content Highlight: Michael Atherton says batter who succeed Virat Kohli and Sachin Tendulkar at No.4 in test cricket will be under pressure