ഐ.എല്‍.ടി-20യില്‍ ഫൈനലിന് യോഗ്യത നേടി എം.ഐ എമിറേറ്റ്‌സ്. കഴിഞ്ഞ ദിവസം നടന്ന പ്ലേ ഓഫില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റ് ചരിത്രത്തിലെ രണ്ടാം ഫൈനലിന് എമിറേറ്റ്‌സ് യോഗ്യത നേടിയത്.
നാളെ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉദ്ഘാടന സീസണിലെ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരുമായ ഗള്‍ഫ് ജയന്റ്‌സാണ് എതിരാളികള്‍.
കഴിഞ്ഞ ദിവസം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് എമിറേറ്റ്‌സ് ഫൈനലിന് യോഗ്യത നേടിയത്. അബുദാബി നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 121 റണ്‍സിന്റെ വിജയലക്ഷ്യം 23 പന്ത് ശേഷിക്കെ എമിറേറ്റ്‌സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 40 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ അലിഷന്‍ ഷറഫുവാണ് ടോപ്പ് സ്‌കോറര്‍.
എം.ഐയ്ക്കായി അള്ളാ ഘന്‍സഫര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് റോഹിദും ഫസല്‍ഹഖ് ഫാറൂഖിയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ എമിറേറ്റ്‌സിന് തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാരായ ആന്ദ്രേ ഫ്‌ളെച്ചര്‍ (ആറ് പന്തില്‍ അഞ്ച്), മുഹമ്മദ് വസീം (14 പന്തില്‍ പത്ത്) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ വണ്‍ ഡൗണായി കളത്തിലിറങ്ങിയ ടോം ബാന്‍ഡന്റെ അര്‍ധ സെഞ്ച്വറിയും നാലാം നമ്പറിലെത്തിയ ഷാകിബ് അല്‍ ഹസന്റെ പ്രകടനവും ടീമിന് വിജയം സമ്മാനിച്ചു.
ബാന്‍ഡന്‍ 53 പന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടി. 20 പന്തില്‍ 38 റണ്‍സാണ് ഷാകിബിന്റെ സമ്പാദ്യം. ഒടുവില്‍ 16.1 ഓവറില്‍ ടീം വിജയലക്ഷ്യം മറികടന്നു.
ടൂര്‍ണമെന്റില്‍ രണ്ടാം കിരീടമാണ് എം.ഐ. എമിറേറ്റ്‌സ് ലക്ഷ്യമിടുന്നത്.
ഒരുവശത്ത് ഒരു എം.ഐ ഫ്രാഞ്ചൈസി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ മറുവശത്ത് മറ്റൊരു എം.ഐ ഫ്രാഞ്ചൈസി ആദ്യ മത്സരം ജയിക്കാനുള്ള കഷ്ടപ്പാടിലാണ്. എസ്.എ20യില്‍ എം.ഐ കേപ്ടൗണാണ് നാല് മത്സരത്തിനിപ്പുറവും ആദ്യ വിജയത്തിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാള്‍ റോയല്‍സിനോട് ഒരു റണ്‍സിനായിരുന്നു കേപ് ടൗണിന്റെ പരാജയം. അവസാന പന്തില്‍ വിജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ഫോര്‍ നേടാന്‍ മാത്രമാണ് കേപ് ടൗണിന് സാധിച്ചത്. കേപ് ടൗണ്‍ താരം ജോര്‍ജ് ലിന്‍ഡെ ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറി ലൈനിന് തൊട്ടുമുമ്പ് കുത്തി ഫോറായി മാറുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത പാള്‍ റോയല്‍സ് ഓപ്പണര്‍മാരായ ലുവാന്‍ ഡ്രെ പ്രിട്ടോറിയസിന്റെയും അസ ട്രൈബിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ പാള്‍ റോയല്‍സിന് ട്രൈബിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ നൂറില്‍ നില്‍ക്കവെ 34 പന്തില്‍ 51 റണ്‍സടിച്ചാണ് താരം പുറത്തായത്. റാഷിദ് ഖാനാണ് വിക്കറ്റ്.
പിന്നാലെയെത്തിയ ഡേവിഡ് മില്ലറിനും സിക്കന്ദര്‍ റാസയ്ക്കും തിളങ്ങാന്‍ സാധിക്കാതെ വന്നപ്പോള്‍ മറുവശത്ത് പ്രിട്ടോറിയസ് വെടിക്കെട്ട് തുടര്‍ന്നു. പുറത്താകാതെ 98 റണ്‍സാണ് താരം നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാള്‍ റോയല്‍സ് 181 റണ്‍സ് നേടി.
182 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനറങ്ങിയ കേപ് ടൗണിന് 180 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. റാസി വാന്‍ ഡെര്‍ ഡസന്‍ (42 പന്തില്‍ 59), റിയാന്‍ റിക്കല്‍ടണ്‍ (20 പന്തില്‍ 36), ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (18 പന്തില്‍ 35) ജോര്‍ജ് ലിന്‍ഡെ (16 പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.
ഒട്‌നീല്‍ ബാര്‍ട്മാനെറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കേപ്ടൗണിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ സ്‌ട്രൈക് നിലനിര്‍ത്തിയതിനൊപ്പം ജോര്‍ജ് ലിന്‍ഡെയ്‌ക്കൊപ്പമുള്ള 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. എന്നാല്‍ അടുത്ത പന്തില്‍ തന്നെ റാഷിദ് ഖാനെ താരം മടക്കുകയായിരുന്നു.
പിന്നാലെയെത്തിയ കഗീസോ റബാദ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ച് പാള്‍ റോയല്‍സ് ആരാധകരെയും ബാര്‍ട്മാനെയും ഒരുപോലെ ഞെട്ടിച്ചു. എന്നാല്‍ അടുത്ത പന്തില്‍ റബാദയെ ലുവാന്‍ ഡ്രെ പ്രിട്ടോറിയസിന്റെ കൈകളിലെത്തിച്ച് ബാര്‍ട്മാന്‍ പുറത്താക്കി.
അഞ്ചാം പന്തില്‍ ട്രെന്റ് ബോള്‍ട്ട് സിംഗിള്‍ നേടി ജോര്‍ജ് ലിന്‍ഡെയ്ക്ക് സ്‌ട്രൈക് നല്‍കി. അവസാന പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ലിന്‍ഡേക്ക് ഫോറടിക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ പാള്‍ ഒരു റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: MI Emirates reached the final. MI Cape Town failed to get their first win.