ന്യൂദല്‍ഹി: മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ 1958ലെ സായുധസേന(പ്രത്യേക അധികാര) നിയമം (അഫ്‌സ്പ) 2027 മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
നിയമത്തിനുകീഴില്‍ പ്രശ്‌നബാധിത മേഖലകളായി പ്രഖ്യാപിച്ച് പൊലീസ് സ്റ്റേഷനുകളുടെയും ജില്ലകളുടെയും കാര്യത്തില്‍ തല്‍സ്ഥിതി നിലനിര്‍ത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാങ്‌പോക്പി ജില്ലയിലെ നാഗ ഗ്രാമങ്ങളില്‍ കുക്കികളും നാഗന്മാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മൂലം ക്രമസമാധനനില തകര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച നടന്ന രണ്ട് ആക്രമണങ്ങളിലായി നാല് പേര്‍ കൊല്ലപ്പെടുകയും ആറ് വയസുള്ള ഒരു കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനു മുമ്പ് വിറക് ശേഖരിക്കാന്‍ പോയ രണ്ട് യുവതികളെയും ടാമെങ്‌ലോങ് ജില്ലയില്‍ 17 വയസുള്ള നാഗ ആണ്‍കുട്ടിയെയും അക്രമിസംഘം വെടിവെച്ചുകൊന്നിരുന്നു.
നാഗാ ഗ്രാമങ്ങളില്‍ നിരവധി വീടുകള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരില്‍ അഞ്ച് ജില്ലകളിലെ 13 പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങള്‍ ഒഴികെ മുഴുവന്‍ സംസ്ഥാനവും ഒക്ടോബര് ഒന്ന് മുതല്‍ ആറ് മാസത്തേക്ക് പ്രശ്‌നബാധിത പ്രദേശമായി തുടരും.
നാഗാലാന്‍ഡില്‍ ഒമ്പത് ജില്ലകള്‍ അഫ്‌സ്പ നിയമത്തിനുകീഴില്‍ നിലനിര്‍ത്തി. മറ്റ് അഞ്ച് ജില്ലകളിലായി 21 പൊലീസ് സ്‌റ്റേഷന്‍ പരിധികളെയും പ്രശ്‌നബാധിത പ്രദേശങ്ങള്‍ ആയി നിലനിലര്‍ത്തി.
അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും അസമുമായി അതിര്‍ത്തി പങ്കിടുന്ന നംസായി ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലും നിയമം തുടരും.
മൂന്ന് സംസ്ഥാനങ്ങളിലെയും ക്രമസമാധാന സ്ഥിതി കൂടുതല്‍ അവലോകനം ചെയ്തതിന് ശേഷമാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് കേന്ദ്രം അറിയിച്ചു.
പ്രദേശങ്ങളില്‍ വാറണ്ട് ഇല്ലാതെ തിരച്ചില്‍ നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും നിയമലംഘകര്‍ക്കെതിരെ മാരകമായ ബലപ്രയോഗം നടത്താനുമുള്ള അധികാരങ്ങള്‍ സായുധസേനയ്ക്ക് നിയമം നല്‍കുന്നു.
Content Highlight: MHA extends AFSPA in parts of Manipur, Nagaland, Arunachal Pradesh for another six months