| Sunday, 4th October 2026, 7:39 pm

ഒന്നാംകിളി പാട്ടില്‍ രണ്ടാം കിളിയാണ് ശ്രീനാവസന്‍, അത് അര്‍ത്ഥമില്ലാത്ത വരികളല്ല: എം.ജി ശ്രീകുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

ഗാനഗന്ധര്‍വന്‍ യേശുദാസിനെയും മലയാളികളുടെ സ്വകാര്യ അഹങ്കാരം കെ.എസ് ചിത്രയെയും പോലെ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട ശബ്ദമാണ് എം.ജി ശ്രീകുമാറിന്റെത്. 1983 ല്‍ അശോക് കുമാര്‍ സംവിധാനം ചെയ്ത കൂലി എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച എം.ജി ശ്രീകുമാര്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതനാവുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി മൂവായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച എം.ജിയുടെ അയ്യപ്പ ഭക്തിഗാനങ്ങളും വലിയ ഓളം സൃഷ്ടിക്കാറുണ്ട്. തന്റെ ഗാനമേള പരിപാടികളില്‍ അയ്യപ്പ ഭക്തിഗാനം പാടിയും മോഹല്‍ലാല്‍ ചിത്രം തുടരുമിലെ കൊണ്ടാട്ടം എന്ന ഗാനത്തിലൂടെയും എം.ജി ആരാധകരെ കൈയിലെടുത്തിരുന്നു. ഇത്തരത്തില്‍ തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളിലും പുറത്തിറങ്ങിയ ഒട്ടനവധി ഗാനങ്ങള്‍ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്.

എം.ജി ശ്രീകുമാര്‍. Photo: X.com

ഇതില്‍ പ്രധാനപ്പെട്ട ഗാനമാണ്  പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഒന്നാംകിളി പൊന്നാംകിളി. ബി.ആര്‍ പ്രസാദ് വരികളെഴുതി വിദ്യാസാഗര്‍ സംഗീതസംവിധാനം ചെയ്ത ഗാനം എം.ജി തന്റെ ആലാപന മികവ് കൊണ്ട് ഗംഭീരമാക്കുകയായിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഗാനത്തിലെ വരികളെകുറിച്ചും അതിലെ അര്‍ത്ഥങ്ങളെ കുറിച്ചും എം.ജി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംഗീതപ്രേമികളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘എല്ലാവരും വിചാരിക്കുന്നത് ഒന്നാംകിളി, രണ്ടാംകിളി, മൂന്നാംകിളി, നാലാംകിളി തുടങ്ങി കുറേ കിളികളെ എഴുതിവെച്ചിട്ടുണ്ടെന്നാണ്. പക്ഷേ അത് അങ്ങനെയല്ലെന്ന് സിനിമ കണ്ടാലറിയാം. മോഹന്‍ലാലിന്റെ കഥാപാത്രം സൗന്ദര്യ അവതരിപ്പിച്ച കഥാപാത്രത്തെ സ്‌നേഹിക്കുകയാണ്. ശ്രീനിവാസനും കൂട്ടരും അത് തകര്‍ക്കാന്‍ നോക്കുകയാണ്. എന്നിട്ടും മോഹന്‍ലാല്‍ പ്രേമിക്കുന്ന നായിക അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

ഒന്നാംകിളി. Photo: Aashirvadh Cinemas/ Youtube.com

ഇത് പ്രതിഫലിപ്പിക്കുന്ന അത്ര ക്ലോസായിട്ടുള്ള ഒരു പാട്ട് വേണം എന്ന് പറഞ്ഞപ്പോള്‍ ഗാനരചയിതാവ് എഴുതി. ഒന്നാംകിളി, പൊന്നാംകിളി, വന്നാംകിളി മാവിന്‍മേല്‍ രണ്ടാംകിളി കണ്ടു എന്ന് പറയുമ്പോള്‍ അതില്‍ രണ്ടാംകിളി ആണ് ശ്രീനിവാസന്‍. പിന്നെ മൂന്നാംകിളി, നാലാംകിളി എണ്ണാത്തതിലേറെ കിളി അങ്ങട്ട് കൊത്ത് ഇങ്ങട് കൊത്തായി. ഈ നായികയ്ക്ക് വേണ്ടിയിട്ട് അവര്‍ തമ്മില്‍ അടിയായി. ഒരു വലിയ അത്ഭുത പ്രതിഭാസമാണ് ബി.ആര്‍ പ്രസാദ്,’ എം.ജി പറഞ്ഞു.

Content Highlight: MG Sreekumar talks about Onnam Kili song In Kilichundan Mambazham

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more