ന്യൂദല്‍ഹി: ഹിന്ദു വര്‍ഗീയ വാദികളില്‍ നിന്ന് ആക്രമണമുണ്ടായപ്പോള്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കളും ബുദ്ധി ജീവികളും കലാകാരന്‍മാരും മൗനം പാലിച്ചത് തന്നെ ഏറെ വേദനിപ്പിച്ചതായി വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍. ” ഞാന്‍ ഇപ്പോഴും ഇന്ത്യയെ സ്‌നേഹിക്കുന്നു. പക്ഷെ രാജ്യത്തിന് എന്നെ ആവശ്യമില്ല. ഹൃദയത്തില്‍ അഘാതമായ വേദനയോടെയാണ് ഞാനിത് പറയുന്നത്”- ഗള്‍ഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഹുസൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
” ഇന്ത്യ എന്റെ മാതൃ രാജ്യമാണ്. എന്റെ മാതൃ രാജ്യത്തെ വെറുക്കാന്‍ എനിക്ക് കഴിയില്ല. പക്ഷെ ഇന്ത്യ എന്നെ പുറന്തള്ളി. പിന്നെ ഞാന്‍ എങ്ങിനെ ഇന്ത്യയില്‍ നില്‍ക്കും- ഖത്തര്‍ പൗരത്വം സ്വീകരിച്ച ശേഷം ആദ്യം നല്‍കിയ അഭിമുഖത്തില്‍ 95 കാരനായ ഹുസൈന്‍ പറയുന്നു.
” സംഘ പരിവാര്‍ കേന്ദ്രങ്ങള്‍ എന്നെ ലക്ഷ്യം വെച്ചു. എല്ലാവരും മൗനം പാലിച്ചു. രാഷ്ട്രീയ നേതാക്കളോ കലാകാരന്‍മാരോ ബുദ്ധിജീവികളോ എനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറായില്ല. ഇന്ത്യയിലെ 90 ശതമാനം പേരും എനിക്കൊപ്പമാണ്. 10 ശതമാനം പേര്‍ മാത്രമാണ് പ്രശ്‌നം. തുടര്‍ച്ചായി വരുന്ന ഇന്ത്യന്‍ സര്‍ക്കാറുകള്‍ക്ക് എന്നെ സംരക്ഷിക്കാന്‍ കഴിയില്ല. അത്തരം സ്ഥലത്ത് കഴിയുകയെന്നത് വളരെ ക്ലേശകരമാണ്. രാഷ്ട്രീയക്കാര്‍ക്ക് വോട്ട് മാത്രമാണ് ലക്ഷ്യം.
ഇപ്പോള്‍ അവരെന്നോട് തിരിച്ചുവരാന്‍ പറയുന്നു. ഇത്രയും കാലം എന്നോട് സംസാരിക്കാന്‍ ഇവരാരും തയ്യാറായില്ലായിരുന്നു. ഒരു സര്‍ക്കാറും എന്നെ തിരിച്ച് വളിച്ചില്ല. എനിക്ക് മറ്റൊരു രാജ്യം പൗരത്വം നല്‍കാമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ എന്നെ തിരിച്ച വളിച്ചത്. എന്നെ സംരക്ഷിക്കാന്‍ വിസമ്മതിച്ച രാഷ്ട്രീയക്കാരെ ഞാനെങ്ങിനെ വിശ്വസിക്കും. എനിക്കവിടെ സുരക്ഷ ലഭിക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?. ഹുസൈന്‍ ചോദിച്ചു.
തനിക്കെതിരെയുള്ള കേസുകള്‍ കലാകരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ളതാണെന്ന് ഹുസൈന്‍ പറഞ്ഞു. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുക എന്റെ ഉദ്ദേശമായിരുന്നില്ല.
“കലയിലൂടെ എന്റെ ആത്മപ്രകാശനമാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കെതിരെയുള്ളത് ഒരു മുസ്‌ലിം വിഷയമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കലയുടെത് ആഗോള ഭാഷയാണ്. വിശാല ഹൃദയമുള്ള കലാ സ്‌നേഹികളുടെ കലയോടുള്ള ബഹുമാനമാണ് എന്റെ കരുത്ത്. ഖത്തറില്‍ ഞാന്‍ പൂര്‍ണ സ്വാതന്ത്ര്യം ആസ്വദിക്കുന്നു. ഇപ്പോള്‍ ഖത്തര്‍ എന്റെ ദേശമാണ്. ഞാനിവിടെ സന്തോഷവാനാണ്”- ഹുസൈന്‍ വ്യക്തമാക്കി. അവസരം കിട്ടിയാല്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.